LiveTV

Live

National

'ബോയ്‌സ് ലോക്കര്‍ റൂം' വിരല്‍ ചൂണ്ടുന്നത് ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവിലേക്കെന്ന് വിദഗ്ധര്‍

സഹപാഠികളുടേയും സുഹൃത്തുക്കളുടേയും ചിത്രങ്ങളായിരുന്നു ഇവര്‍ ഇങ്ങനെ പങ്കുവെച്ചിരുന്നത്. ബലാത്സംഗങ്ങളും പീഡനങ്ങളും പ്രോത്സാഹിപ്പിക്കും വിധമായിരുന്നു സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ചര്‍ച്ചകള്‍...

'ബോയ്‌സ് ലോക്കര്‍ റൂം' വിരല്‍ ചൂണ്ടുന്നത് ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവിലേക്കെന്ന് വിദഗ്ധര്‍

ലൈംഗിക പീഢന വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ച് പെണ്‍കുട്ടികളെ അപമാനിക്കാന്‍ നിര്‍മ്മിച്ച 'ബോയ്‌സ് ലോക്കര്‍ റൂം' എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ദക്ഷിണ ഡല്‍ഹിയിലും നോയ്ഡയിലുമുള്ള അഞ്ച് പ്രമുഖ സ്‌കൂളുകളിലെ കൗമാരക്കാരായ ഇരുപതോളം വിദ്യാര്‍ഥികളാണ് ഈ ഗ്രൂപ്പിന് പിന്നിലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇതില്‍ നാലുപേരെ ചോദ്യം ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങളും മറ്റും പങ്കുവെക്കുക, ശരീരഭാഗങ്ങളെക്കുറിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുക, ബലാത്സംഗ ലൈംഗിക കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കും വിധം ചര്‍ച്ച ചെയ്യുക എന്നിവയായിരുന്നു ബോയ്‌സ് ലോക്കര്‍ റൂമിലെ പ്രധാന പരിപാടി. പ്രധാനമായും 14-15 വയസ് പ്രായമുള്ള സ്‌കൂള്‍ കുട്ടികളും ചുരുക്കം കോളജ് വിദ്യാര്‍ഥികളുമാണ് ഗ്രൂപ്പിലുണ്ടായിരുന്നതെന്നാണ് പൊലീസ് നല്‍കുന്നവിവരം.

വിദ്യാര്‍ഥിയെ കൊന്നത് പ്രകൃതി വിരുദ്ധ പീഢനം എതിര്‍ത്തതിന്, പ്രതിയെ കസ്റ്റഡിയില്‍ വിട്ടു
Also Read

വിദ്യാര്‍ഥിയെ കൊന്നത് പ്രകൃതി വിരുദ്ധ പീഢനം എതിര്‍ത്തതിന്, പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

സഹപാഠികളുടേയും സുഹൃത്തുക്കളുടേയും ചിത്രങ്ങളായിരുന്നു ഇവര്‍ ഇങ്ങനെ പങ്കുവെച്ചിരുന്നത്. ആരുടേയും സമ്മതമില്ലാതെയാണ് ചിത്രങ്ങളും വീഡിയോകളുമെല്ലാം എടുത്തിരുന്നത്. ബലാത്സംഗങ്ങളും പീഡനങ്ങളും പ്രോത്സാഹിപ്പിക്കും വിധമായിരുന്നു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഗ്രൂപില്‍ ചര്‍ച്ച നടത്തിയിരുന്നത്. സമൂഹ മാധ്യമങ്ങളിലെ ഇത്തരം ഗ്രൂപ്പുകളില്‍ സ്ത്രീകളെയും പെണ്‍കുട്ടികളേയും അപമാനിക്കുന്നതിലോ ആള്‍ക്കൂട്ടത്തില്‍ വെച്ച് സ്ത്രീകളോട് മോശമായി പെരുമാറുന്നതിലോ യാതൊരു ശരികേടും ഇവര്‍ കണ്ടിരുന്നില്ല.

ദക്ഷിണ ഡല്‍ഹിയിലെ ഒരു പെണ്‍കുട്ടി ഇത്തരം ഇന്‍സ്റ്റഗ്രാം ഗ്രൂപിലെ ചര്‍ച്ചകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചതോടെയാണ് ബോയ്‌സ് ലോക്കര്‍ റൂം എന്ന പ്രൈവറ്റ് ചാറ്റ് ഗ്രൂപിനെക്കുറിച്ച് ലോകം അറിയുന്നത്. തുടര്‍ന്ന് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയായിരുന്നു. ഗ്രൂപ് വൈകാതെ ഡിലീറ്റ് ചെയ്യപ്പെട്ടുവെങ്കിലും പിന്നിലുള്ള 21 പേരെ തിരിച്ചറിയാനായിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.

ഇത്തരം സംഭവങ്ങള്‍ കുട്ടികളിലെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമാണ് തെളിയിക്കുന്നതെന്നാണ് മുംബൈയിലെ സൈക്കോതെറാപിസ്റ്റായ പത്മ രാവരി പറയുന്നത്. സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ ബഹുമാനവും സമ്മതവും എന്താണെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റിന്റെ വരവോടെ എന്തും ഏതും നിയന്ത്രണങ്ങളില്ലാതെ ലഭിക്കുന്നത് കൗമാരക്കാരുടെ സ്വഭാവരൂപീകരണത്തെ വികലമായി ബാധിക്കാമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.

ലൈംഗികതയെക്കുറിച്ച് നമ്മള്‍ സ്വകാര്യമായി മാത്രം സംസാരിക്കുന്നത് തുടരുന്നിടത്തോളം കാലം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് സൈക്കോളിസ്റ്റായ ഡോ. വര്‍ഖ ചുലാനി പറയുന്നത്. 'സ്ത്രീകളെ ബഹുമാനിക്കണമെന്ന് ഈ കുട്ടികള്‍ പഠിച്ചിട്ടില്ല. പുരുഷന്മാര്‍ക്ക് സുഖം പകരാനുള്ള ലൈംഗിക വസ്തുക്കളായി മാത്രം സ്ത്രീകളെ കാണുന്ന രീതിയും സംസ്‌കാരവും മാറാതെ ഇതിന് ഒരു അറുതിയുണ്ടാവില്ല' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കുട്ടികളെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ തിരിച്ചറിയുകയാണ് വേണ്ടതെന്നാണ് മാനസികാരോഗ്യ വിദഗ്ധ ഡോ. അഞ്ജലി ഛാബ്രിയ പറയുന്നത്. 'ഇത്തരം സ്വഭാവ വൈകല്യങ്ങളുടെ കാരണം കണ്ടെത്താനാകണം. ഈ കുട്ടികള്‍ വീടുകളില്‍ എന്തെങ്കിലും സമ്മര്‍ദം നേരിടുന്നുണ്ടോ? ലൈംഗി അതിക്രമത്തിന് ഇരയാകുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ കൂടി നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്' അവര്‍ പറയുന്നു.