LiveTV

Live

National

‘പ്രധാനമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍ രോഗബാധിതര്‍’; ആരോഗ്യസേതു ആപ്പ് സുരക്ഷിതമല്ല, വിശദമായ തെളിവുകള്‍ പുറത്തുവിട്ട് ഹാക്കര്‍

‘പ്രധാനമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍ രോഗബാധിതര്‍’; ആരോഗ്യസേതു ആപ്പ് സുരക്ഷിതമല്ല, വിശദമായ തെളിവുകള്‍ പുറത്തുവിട്ട് ഹാക്കര്‍

കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത് നിര്‍ബന്ധമാക്കിയ ആരോഗ്യസേതു ആപ്പിലെ ഗുരുതര സുരക്ഷാചോര്‍ച്ച ആരോപണങ്ങള്‍ വിശദമാക്കി ഫ്രഞ്ച് സൈബര്‍ വിദഗ്ധനും ഹാക്കറുമായ എലിയറ്റ് ആല്‍ഡേഴ്‌സണ്‍. പ്രധാനമന്ത്രിയുടെ ഓഫീസിലടക്കമുള്ള രാജ്യത്തെ തന്ത്രപ്രധാനമേഖലയിലെ 11 പേര്‍ അസുഖബാധിതരാണെന്ന് എലിയട്ട് ട്വീറ്റ് ചെയ്തു. ഇതില്‍ രണ്ട് പേര്‍ ഇന്ത്യന്‍ ആര്‍മി ഹെഡ് ക്വാര്‍ട്ടേഴ്സിലുള്ളവരാണ്. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒരാളും ഇത്തരത്തില്‍ സുഖകരമല്ലാത്ത രീതിയില്‍ ഡല്‍ഹിയില്‍ താമസിക്കുന്നതായും എലിയട്ട് ട്വീറ്റ് ചെയ്തു. ആഭ്യന്തരമന്ത്രാലയത്തിലെ മൂന്ന് പേര്‍ക്കും രോഗബാധയുള്ളതായി എലിയട്ട് ട്വീറ്റില്‍ വെളിപ്പെടുത്തുന്നു. ആരോഗ്യ സേതു ആപ്പിലെ സുരക്ഷാ വീഴ്ച്ചകള്‍ അക്കമിട്ടുനിരത്തുന്ന വിശദമായ ലേഖനവും എലിയട്ട് അല്‍പ്പസമയം മുമ്പ് തന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.

ആപ്പ് ഉപയോഗിക്കുന്ന 90 ശതമാനം വരുന്ന ആളുകളുടെ വിവരങ്ങളും അപകടത്തിലാണെന്ന് നേരത്തെ എത്തിക്കല്‍ ഹാക്കറായ എലിയട്ട് ട്വിറ്ററിലൂടെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മുമ്പ് രാഹുല്‍ ഗാന്ധി ആരോഗ്യ സേതു ആപ്പ് സുരക്ഷിതമല്ലായെന്ന് വ്യക്തമാക്കി രംഗത്ത് വന്നതിനെ എലിയട്ട് പിന്നീട് ട്വിറ്ററില്‍ പിന്തുണക്കുകയും ചെയ്യുന്നുണ്ട്. അതേസമയം വിദഗ്ധരുമായി ആശയവിനിമയം നടത്തിയതിന് ശേഷം ആരോഗ്യസേതു ആപ്പില്‍ സുരക്ഷാ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും വ്യക്തമാക്കി ആപ്പ് അധികൃതര്‍ രംഗത്തുവന്നിരുന്നു. ഇതെല്ലാം തെറ്റാണെന്ന് തെളിയിച്ചു കൊണ്ടാണ് എലിയട്ട് തന്റെ പുതിയ ലേഖനം മീഡിയം ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആപ്പിലെ സുരക്ഷാ വീഴ്ച്ച റൂട്ട് ചെയ്ത ഒരു മൊബൈലില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ലൊക്കേഷന്‍ മാറ്റി നല്‍കിയതിലൂടെ തനിക്ക് എളുപ്പം ചോര്‍ത്താനായെന്ന് എലിയറ്റ് പറയുന്നു. ഇങ്ങനെ തനിക്ക് ലഭിച്ച് വിവരങ്ങളാണ് നേരത്തെ പുറത്തുവിട്ട അസുഖബാധിതരുടെ കണക്കെന്നും എലിയറ്റ് വ്യക്തമാക്കി.