LiveTV

Live

National

നാടുകളിലേക്ക് തിരിച്ചയക്കുന്നില്ല; ബെംഗളൂരുവില്‍ പൊലീസിനെ ആക്രമിച്ച് കുടിയേറ്റ തൊഴിലാളികള്‍

തൊഴിലാളികളുടെ ക്യാമ്പുകളില്‍ നാടുകളിലേക്ക് തിരികെ പോകുന്നതിനെ സംബദ്ധിച്ചുള്ള കാലതാമസത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ഒത്തുകൂടിയ തൊഴിലാളികള്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

നാടുകളിലേക്ക് തിരിച്ചയക്കുന്നില്ല; ബെംഗളൂരുവില്‍ പൊലീസിനെ ആക്രമിച്ച് കുടിയേറ്റ തൊഴിലാളികള്‍

രാജ്യവ്യാപക ലോക്ഡൌണിനിടെ ബെംഗളൂരുവില്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം. മടക്കിയയക്കാന്‍ കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധിച്ച് അക്രമാസക്തരായ തൊഴിലാളികള്‍ പൊലീസിനെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നു. തൊഴിലാളികളുടെ ക്യാമ്പുകളില്‍ നാടുകളിലേക്ക് തിരികെ പോകുന്നതിനെ സംബദ്ധിച്ചുള്ള കാലതാമസത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ഒത്തതുകൂടിയ തൊഴിലാളികള്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധത്തിനിടെ പൊലീസുകാരെ ആക്രമിക്കുകയും പൊലീസ് വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

ബംഗളൂരുവിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിന് സമീപത്തെ ക്വാറന്‍റൈന്‍ സൗകര്യമുള്ള ക്യാമ്പില്‍ കഴിയുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്നലെ വൈകീട്ട് 6.30ഓടെയാണ് സംഭവം അരങ്ങേറിയത്. സംഘടിച്ചെത്തിയ കുടിയേറ്റ തൊഴിലാളികള്‍ പൊലീസിനു നേരേ കല്ലെറിയുകയായിരുന്നു. കല്ലേറിനെതുടര്‍ന്ന് ഒരു ഇന്‍സ്‌പെക്ടര്‍ അടക്കം നാല് പോലിസുകാര്‍ക്ക് അക്രമണത്തില്‍ പരിക്കേറ്റു. ഇന്‍സ്‌പെക്ടറുടെ തലയ്ക്കാണ് പരിക്കേറ്റത്. അനിഷ്ട സംഭവങ്ങള്‍ നടന്നതിനെത്തുടര്‍ന്ന് തൊഴിലാളികളെ പിരിച്ചു വിടാനായി പൊലീസ് ലാത്തി വീശുകയായിരുന്നു.

5000ത്തോളം കുടിയേറ്റ തൊളിലാളികളാണ് സ്‌പെഷ്യല്‍ ട്രെയിനില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനാവുമെന്ന പ്രതീക്ഷയില്‍ മജസ്റ്റിക്, യെശ്വന്ത്പൂര്‍ റെയില്‍വെ സ്റ്റേഷനുകളില്‍ എത്തിയത്. ജിഗനി, ഹോസ്‌കോട്ടെ, അനേക്കല്‍ എന്നീ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നരാണ് ഭൂരിഭാഗവും. ഇവരെ തിരിച്ചയക്കുന്നതിന് മുന്നോടിയായി ക്വാറന്‍റൈന്‍ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ പുതിയ ബാച്ച് തൊഴിലാളികള്‍ ക്വാറന്‍റൈന്‍ ക്യാമ്പില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. അവിടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളോട് ഒരു മാസം വരെ ക്യാമ്പില്‍ തുടരേണ്ടിവരുമെന്ന പ്രചരണങ്ങള്‍ ഇവരാണ് നടത്തിയെന്ന് സംശയിക്കുന്നു. ഇതില്‍ പരിഭ്രാന്തരായവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.