LiveTV

Live

National

ലോക്ഡൌണ്‍ ഇളവ്; കര്‍ണാടകയില്‍ ഒറ്റ ദിവസം വിറ്റത് 45 കോടിയുടെ മദ്യം

ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് മദ്യവില്‍പന പുനഃരാരംഭിച്ചെങ്കിലും ഇത്രയും തുകയുടെ മദ്യം വില്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു

ലോക്ഡൌണ്‍ ഇളവ്; കര്‍ണാടകയില്‍ ഒറ്റ ദിവസം വിറ്റത് 45 കോടിയുടെ മദ്യം

ഇളവുകളുടെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇന്നലെ മദ്യശാലകള്‍ തുറന്നിരുന്നു. പലയിടത്തും മദ്യം വാങ്ങാനെത്തുന്നവരുടെ തിക്കിത്തിരക്ക് മൂലം പൊലീസ് ഇടപെടലുണ്ടായി. അത്രക്ക് ജനക്കൂട്ടമായിരുന്നു പല മദ്യഷാപ്പുകളുടെയും മുന്നില്‍. മിക്ക മദ്യശാലകളിലും റെക്കോഡ് വില്‍പനയാണ് നടന്നത്.

കര്‍ണാടകയില്‍ ഇന്നലെ ഒറ്റ ദിവസം മാത്രം വിറ്റത് 45 കോടിയുടെ മദ്യമാണ്. ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് മദ്യവില്‍പന പുനഃരാരംഭിച്ചെങ്കിലും ഇത്രയും തുകയുടെ മദ്യം വില്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.25 കോടി രൂപയാണ് മദ്യവില്‍പനയില്‍ നിന്ന് തിങ്കളാഴ്ച പ്രതീക്ഷിച്ചിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് മന്ത്രി എച്ച് നാഗേഷ് പറഞ്ഞു. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ നടന്ന വില്‍പനയില്‍ 3.9 ലക്ഷം ലിറ്റര്‍ ബിയറും 8.5 ലക്ഷം ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത മദ്യവുമുള്‍പ്പെടെ 12.4 ലക്ഷം ലിറ്ററാണ് വിറ്റു പോയത്. 2 മൊത്തം വില്‍പനയുടെ 40 ശതമാനം ബെംഗളൂരുവിലാണ് നടന്നത്.

പത്ത് ദിവസത്തെ വില്‍പനയ്ക്കായി 26.5 ലക്ഷം കെയ്‌സ്‌ ഇന്ത്യന്‍ നിര്‍മിത മദ്യവും 16.5 ലക്ഷം കെയ്‌സ്‌ ബിയറും ശേഖരിച്ചിട്ടുണ്ടെന്നും മദ്യത്തിന് ക്ഷാമമുണ്ടാകുമെന്ന ധാരണയില്‍ ഉപഭോക്താക്കള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ചൊവ്വാഴ്ച മുതല്‍ പുതിയ സാമ്പത്തിക വര്‍ഷത്തെ ബജറ്റനുസരിച്ചുള്ള ആറ് ശതമാനം എക്‌സൈസ് നികുതി വര്‍ധനവ് മദ്യവിലയില്‍ ഈടാക്കുമെന്നും നാഗേഷ് കൂട്ടിച്ചേര്‍ത്തു.

ഓരോ ഉപഭോക്താവിനും 2.3 ലിറ്റര്‍ മദ്യമാണ് എക്‌സൈസ് വകുപ്പ് നല്‍കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പലരും അതിലധികം വാങ്ങി. അദുഗോഡിയില്‍ ഒരു ഉപഭോക്താവ് 52,841 രൂപയുടെ മദ്യം വാങ്ങിയതായി മന്ത്രി അറിയിച്ചു. ഉച്ചയ്ക്ക് 12 മണിവരെ 16,000 ലിറ്റര്‍ മദ്യമാണ് വിറ്റു പോയത്. എന്നാല്‍ അതിന് ശേഷം വില്‍പന കുതിക്കുകയായിരുന്നു.

മദ്യവില്‍പന കേന്ദ്രങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അതിനാല്‍ ഉപഭോക്താക്കള്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു. വെയര്‍ഹൗസുകളും ഡിസ്റ്റിലറികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മദ്യവില്‍പനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.