LiveTV

Live

National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വന്‍ വര്‍ദ്ധനവ്

24 മണിക്കൂറിനിടെ 195 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്, 3900 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരീക്കുകയും ചെയ്തു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വന്‍ വര്‍ദ്ധനവ്

രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 195 പേര്‍ മരിച്ചു. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇത്രയും അധികം ആളുകള്‍ മരിക്കുന്നത് ആദ്യമായാണ്. 4000ത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 46,000 കടന്നു. സ്ഥിതിഗതി വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ മന്ത്രിതല യോഗം ചേർന്നു. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 46,433 ആണ്. മരിച്ചവർ 1568 പേർ. 24 മണിക്കൂറിനിടെ 3900 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

32,138 പേരാണ് ചികിത്സയിലുള്ളത്. ആശുപത്രി വിട്ടവരുടെ എണ്ണം 12,726 ആയി ഉയർന്നു. 27.5% പേർക്ക് രോഗം മാറുന്നത് ആശ്വാസകരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നാം ഘട്ടം ലോക്ഡൗൺ തുടങ്ങിയ ആദ്യ ദിവസം തന്നെ രോഗനിരക്ക് ഉയർന്നത്, ആശങ്കയോടെയാണ് ആരോഗ്യമന്ത്രാലയം കാണുന്നത്. ഇളവുകൾ നൽകിയത് രോഗവ്യാപനത്തിന് കാരണമായോ എന്ന് പരിശോധിക്കുന്നുണ്ട്. ആദ്യത്തെ 74 ദിവസങ്ങൾക്ക് ശേഷമാണ് കോവിഡ് രോഗബാധ 10,000 കടന്നത്.

പിന്നീട് ആഴ്ചകൾ തോറും 10,000 എന്ന തോതിലാണ് കൂടുന്നത്. പുതിയ സാഹചര്യത്തിൽ പ്രത്യേക മന്ത്രിതല യോഗം ഡെൽഹിയിൽ ചേർന്നു. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പ്രതിരോധ മേധാവി ബിപിൻ റാവത്തും യോഗത്തിൽ പങ്കെടുത്തു. മുംബൈയിൽ രോഗികളുടെ എണ്ണം 9000 കടന്നു. രാജസ്ഥാനിൽ 38 പുതിയ കേസുകളും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ മദ്യവില 70 ശതമാനവും പെട്രോൾ ഡീസൽ വില 30 ശതമാനം വരെയും കൂട്ടി. നോയിഡയിൽ പുറത്തിറങ്ങുന്നവർ ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ കേസെടുക്കുമെന്ന് പോലിസ് മുന്നറിയിപ്പ് നൽകി.