LiveTV

Live

National

ആരോഗ്യ സേതു ആപ്പിനെതിരെയുള്ള വിമര്‍ശനം; രാഹുല്‍ കള്ളം പറയുകയാണെന്ന് ബി.ജെ.പി

അത്യാധുനിക നിരീക്ഷണ സംവിധാനമാണ് ആരോഗ്യ സേതു ആപ്ലിക്കേഷനെന്നും ഇത് ഗുരുതരമായ ഡാറ്റ സുരക്ഷയും സ്വകാര്യത ആശങ്കകളും ഉയർത്തുന്നുവെന്നുമായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞത്

ആരോഗ്യ സേതു ആപ്പിനെതിരെയുള്ള വിമര്‍ശനം;  രാഹുല്‍ കള്ളം പറയുകയാണെന്ന് ബി.ജെ.പി

ആരോഗ്യ സേതു ആപ്പിനെക്കുറിച്ച് പരസ്യമായ് വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ തള്ളി കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ്. ആരോഗ്യസേതു ആപ്ലിക്കേഷന്റെ ഡാറ്റാ സുരക്ഷയെക്കുറിച്ച് രാഹുൽ ഉന്നയിച്ച ആശങ്കകളെ വിമർശിച്ച് കൊണ്ടായിരുന്നു ഐ.ടി മന്ത്രിയുടെ മറുപടി. ഓരോ ദിവസവും ഓരോരോ പുതിയ കള്ളങ്ങളാണ് രാഹുൽ പറയുന്നതെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്‍റെ വിമര്‍ശനം.

അത്യാധുനിക നിരീക്ഷണ സംവിധാനമാണ് ആരോഗ്യ സേതു ആപ്ലിക്കേഷനെന്നും ഇത് ഗുരുതരമായ ഡാറ്റ സുരക്ഷയും സ്വകാര്യത ആശങ്കകളും ഉയർത്തുന്നുവെന്നുമായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞത്. പൗരന്മാരെ പിന്തുടരാന്‍ വേണ്ടി അവരുടെ സമ്മതമില്ലാതെ ഭയം ജനിപ്പിച്ച് നിരീക്ഷിക്കുന്നത് ശരിയല്ലെന്ന് ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി വ്യക്തമാക്കുകയായിരുന്നു.

ബി.ജെ.പി വക്താവ് സംബിത് പത്രയും രാഹുലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാഹുലിന് ആപ്ലിക്കേഷനെ കുറിച്ചുള്ള ധാരണ ഇല്ലെന്നും തെറ്റായ വിവരങ്ങളിലൂടെ ജനങ്ങളെ കമ്പളിപ്പിക്കാൻ ശ്രമിക്കുകയാണെന്നുമായിരുന്നു ബി.ജെ.പി വക്താവിന്‍റെ ആരോപണം. രാഹുൽ ദിവസവും പുതിയ കള്ളങ്ങളുമായി ഇറങ്ങുകയാണെന്നും ജീവിതകാലം മുഴുവൻ നിരീക്ഷണത്തിൽ ഏർപ്പെട്ടവർക്ക് സാങ്കേതിക വിദ്യയെ നല്ല രീതിയിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു രവിശങ്കര്‍ പ്രസാദിന്‍റെ പ്രത്യാരോപണം. ജനസുരക്ഷക്ക് ശക്തമായ പങ്കാളിയാണ് ആരോഗ്യ സേതുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്വകാര്യ ഓപ്പറേറ്റർക്ക് ഇതിന്റെ കരാർ നൽകിയിട്ടുണ്ടെങ്കിലും മേൽനോട്ടത്തിന് അനുമതി നൽകിയിട്ടില്ലെന്നും രവിശങ്കര്‍ പറഞ്ഞു.

കോവിഡ് 19 രോഗം ബാധിക്കാനുള്ള സാധ്യതത തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളും അപകടം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും അടകക്കമുള്ളവയും ആപ്പ് നല്‍കുന്നുണ്ട്.