LiveTV

Live

National

പി.എം കെയര്‍ ഫണ്ടിന് ഓഡിറ്റിങ് വേണമെന്ന് പ്രിയങ്ക ഗാന്ധി

കൊറോണ പോലെയുള്ള പ്രതിസന്ധികളുടെ കാലത്ത് സുതാര്യമായ പ്രവര്‍ത്തനം സര്‍ക്കാരിനും സമൂഹത്തിനും ഒരുപോലെ നല്ലതാണെന്നും പ്രിയങ്ക..

പി.എം കെയര്‍ ഫണ്ടിന് ഓഡിറ്റിങ് വേണമെന്ന് പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രിയുടെ പി.എം കെയര്‍ ഫണ്ടിന് ഓഡിറ്റിങ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഈ കൊറോണ പ്രതിസന്ധിയുടെ കാലത്ത് സുതാര്യമായ പ്രവര്‍ത്തനം സര്‍ക്കാരിനും സമൂഹത്തിനും ഒരുപോലെ നല്ലതാണെന്നും പ്രിയങ്ക പറഞ്ഞു. യു.പിയിലെ ജില്ലാ മജിസ്‌ട്രേറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പി.എം കെയര്‍ ഫണ്ടിലേക്ക് പണം നല്‍കണമെന്ന് കാണിച്ച് അയച്ച കത്തിനെ തുടര്‍ന്നാണ് പ്രിയങ്കയുടെ പ്രതികരണം.

'ഒരു നിര്‍ദേശമുണ്ട്- ഭക്ഷണത്തിനും വെള്ളത്തിനും പണത്തിനും വഴിയില്ലാതെ ജനങ്ങളാകെ ബുദ്ധിമുട്ടുകയാണ്. ഇതിനിടെയാണ് എല്ലാവരും പി.എം കെയറിലേക്ക് 100 രൂപ നല്‍കണമെന്ന് കോടതി അധികൃതര്‍ പറയുന്നത്. അതുകൊണ്ടുതന്നെ പി.എം കെയറിന് ഓഡിറ്റിങ് നടത്തുന്നതായിരിക്കും ഉചിതം' എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

'ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട കള്ളന്മാരുടെ 68000 കോടി രൂപ എഴുതിതള്ളിയ വിഷയത്തില്‍ അന്വേഷണം വേണം. പ്രതിസന്ധിഘട്ടങ്ങളില്‍ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനും സമൂഹത്തിനും ഒരുപോലെ നല്ലതാണ്' എന്നും പ്രിയങ്ക പറയുന്നു.

മാര്‍ച്ച് 28നാണ് പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് അഥവാ പി.എം കെയര്‍ ഫണ്ട് നിലവില്‍ വന്നത്. കോവിഡ് പോലുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ ജനങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യമാണ് ഈ ഫണ്ടിനുള്ളതെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുള്ളപ്പോള്‍ മറ്റൊരു ഫണ്ടിന്റെ ആവശ്യമെന്താണെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. പി.എം കെയര്‍ ഫണ്ടിലെ മുഴുവന്‍ തുകയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മാറ്റണമെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.