LiveTV

Live

National

കോവിഡ് ഹോട്സ്പോട്ടുകള്‍ക്ക് മുസ്‍ലിം പള്ളികളുടെ പേര്; വിചിത്ര നടപടിയുമായ് യോഗി സര്‍ക്കാര്‍

ഉത്തര്‍പ്രദേശിലെ കോവിഡ് ഹോട്സ്പോട്ടുകള്‍ക്ക് മുസ്‍ലിം പള്ളികളുടെ പേര് നല്‍കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

കോവിഡ് ഹോട്സ്പോട്ടുകള്‍ക്ക് മുസ്‍ലിം പള്ളികളുടെ പേര്; വിചിത്ര നടപടിയുമായ് യോഗി സര്‍ക്കാര്‍

ഉത്തര്‍പ്രദേശിലെ കോവിഡ് ഹോട്സ്പോട്ടുകള്‍ക്ക് മുസ്‍ലിം പള്ളികളുടെ പേര് നല്‍കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ലഖ്നൌവിലെ 18ഓളം വരുന്ന ഹോട്സ്പോട്ടുകളില്‍ എട്ടെണ്ണത്തിനാണ് യു.പി ഭരണകൂടം മുസ്‍ലിം പള്ളികളുടെ പേര് ഇട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകള്‍ ഉയരാൻ കാരണം തബ്‍ലീഗി ജമാഅത്താണെന്നും അവര്‍ കോവിഡ് വാഹകരാണെന്നുമുള്ള ആരോപണം യോഗി ആദിത്യനാഥ് ഉന്നയിച്ചത്. വിവാദ ആരോപണത്തിന് തൊട്ടുപിന്നാലയാണ് മുസ്‍ലിം മതവിഭാഗത്തിന്‍റെ ആരാധനാലയങ്ങളുടെ പേര് സംസ്ഥാനത്തെ ഹോട്സ്പോട്ടുകള്‍ക്ക് നല്‍കുന്നത്.

ലഖ്നൗവിലെ ഹോട്ട് സ്പോട്ടായിട്ടുള്ള ഇടങ്ങൾക്ക് മുസ്‍ലിം പള്ളികളുടെ പേര് നൽകിയിരിക്കുന്നത് സംബദ്ധിച്ച റിപ്പോര്‍ട്ടുകള്‍ ‘ദ് പ്രിന്‍റ്’ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ലഖ്‌നൗവിലെ സർദാർ ബസാറിലെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നിനെ ‘മസ്ജിദ് അലി ജാനും സമീപപ്രദേശങ്ങളും എന്നാണ് കോവിഡ് ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയിൽ പരാമർശിച്ചിരിക്കുന്നത്. അതുപോലെ വസിർഗഞ്ചിലെ മുഹമ്മദിയ മസ്ജിദ്, ത്രിവേണി നഗറിലെ ഖജൂർ വാലി മസ്ജിദ്, ഫൂൾ ബാഗ് അഥവാ നസർബാഗ് മസ്ജിദ് എന്നിങ്ങനെയാണ് ഹോട്സ്പോട്ടുകള്‍ക്ക് പേരുകൾ നൽകിയിരിക്കുന്നത്.

എന്നാല്‍ പോസിറ്റീവ് കേസുകള്‍ കൂടുതലുള്ള മേഖലകളായത് കൊണ്ടാണ് പള്ളികളുടെ പേര് നല്‍കിയതെന്നാണ് അധികൃതരുടെ ന്യായീകരണം. അതേസമയം സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട യോഗിയുടെ ബി.ജെ.പി സര്‍ക്കാര്‍ വര്‍ഗീയധ്രുവീകരണമുണ്ടാക്കി ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് ലല്ലുവിന്‍റെ പ്രതികരണം.

‘ഇപ്പോൾ തന്നെ സാഹചര്യം സങ്കീർണമാണ്. മതത്തെ മാറ്റി നിർത്തി യോജിച്ച് പ്രവർത്തിക്കുക്കേണ്ട സാഹചര്യമാണിത്. അത് ഇനിയുും കൂടുതൽ സങ്കീർണമാക്കാന്‍ ശ്രമിക്കുന്നതെന്തിനാണ്’ സമാജ്‍വാദി പാർട്ടി നേതാവ് ജൂഹി സിംഗ് കുറ്റപ്പെടുത്തി. നേരത്തെ തബ്‍ലീഗി ജമാത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് സംസ്ഥാനത്ത് കോവിഡ് വ്യാപിപ്പിച്ചത് എന്ന യോഗിയുടെ പ്രചാരണത്തിനെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കോവിഡ് രോഗികളെ മതാടിസ്ഥാനത്തില്‍ തരംതിരിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശത്തെ അവഗണിക്കുന്നതാണ് യോഗി സര്‍ക്കാരിന്റെ സമീപനങ്ങളെന്നും ആക്ഷേപങ്ങളുണ്ട്.