LiveTV

Live

National

ഇന്ത്യ പത്ത് ലക്ഷം കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി, ആശ്വസിക്കാവുന്ന കണക്കുകള്‍ പുറത്ത്

ഒരു ദശലക്ഷം കോവിഡ് പരിശോധന നടത്തിയ രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ കോവിഡ് രോഗമുള്ളത്...

ഇന്ത്യ പത്ത് ലക്ഷം കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി, ആശ്വസിക്കാവുന്ന കണക്കുകള്‍ പുറത്ത്

പത്ത് ലക്ഷത്തോളം കോവിഡ് 19 പരിശോധനകള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്ക് ആശ്വസിക്കാവുന്ന കണക്കുകള്‍ പുറത്തുവന്നു. ഒരു ദശലക്ഷം കോവിഡ് പരിശോധന നടത്തിയ രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ കോവിഡ് രോഗമുള്ളത്. ആരോഗ്യമന്ത്രാലയവും ഐ.സി.എം.ആറുമാണ് രാജ്യത്തിന് ഏറെ ആശ്വസിക്കാവുന്ന കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

പത്തു ലക്ഷം പേരെ പരിശോധിച്ചപ്പോള്‍ 39,980 പേര്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇത്ര പരിശോധനകള്‍ പൂര്‍ത്തിയായപ്പോള്‍ സ്‌പെയിനില്‍ 2,00,194 പേര്‍ക്കും അമേരിക്കയില്‍ 1,64,620 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയില്‍ ഇത് 1.52 ലക്ഷവും തുര്‍ക്കിയില്‍ 1.17ലക്ഷവുമാണ്.

ഇന്ത്യ പത്ത് ലക്ഷം കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി, ആശ്വസിക്കാവുന്ന കണക്കുകള്‍ പുറത്ത്

ശനിയാഴ്ച്ചയാണ് ഇന്ത്യയില്‍ പത്ത് ലക്ഷം കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയായത്. ആര്‍.ടി പി.സി.ആര്‍ ടെസ്റ്റുകളാണ് ഇന്ത്യയില്‍ നടത്തുന്നത്. പ്രതിദിനം 292 സര്‍ക്കാര്‍ ലാബുകളിലും 97 സ്വകാര്യ ലാബുകളിലുമായി 70000 മുതല്‍ 75000 വരെ പരിശോധനകളാണ് നടക്കുന്നത്. എയിംസ്, പി.ജി.ഐ ചണ്ഡീഗഡ്, സി.എം.സി വെല്ലൂര്‍, ജെ.ഐ.പി.എം.ഇ.ആര്‍ പുതുച്ചേരി, എസ്.ജി.പി.ഐ.എം.എസ് ലക്‌നൗ, എയിംസ് ഭുവനേശ്വര്‍ തുടങ്ങി പതിനാലോളം സ്ഥാപനങ്ങളില്‍ പുതുതായി കോവിഡ് പരിശോധന ആരംഭിച്ചിരുന്നു.

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിക്കുന്നവരിലെ മരണ നിരക്ക് 3.3ശതമാനമാണ്. ഒരു ലക്ഷം പേരില്‍ 0.09 പേര്‍ക്ക് മാത്രമാണ് ജീവന്‍ നഷ്ടമായതെന്നും ഇത് ലോകരാജ്യങ്ങളില്‍ തന്നെ മുന്‍നിരയിലാണെന്നും ഐ.സി.എം.ആര്‍ പറയുന്നു. കോവിഡിനെ ഏറ്റവും ഫലപ്രദമായി പ്രതിരോധിച്ച ദക്ഷിണകൊറിയയില്‍ ആകെ 10780 കോവിഡ് കേസുകളും 250 മരണങ്ങളുമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. രോഗികളിലെ മരണനിരക്ക് 2.3%ആണ്. ഒരു ലക്ഷം ജനസംഖ്യയില്‍ 0.48 ആണ് ദക്ഷിണകൊറിയയുടെ മരണങ്ങള്‍. ചൈനയില്‍ ഇത് 0.33 ആണ്.

ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യ കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ഇന്നുവരെ 10.40ലക്ഷം കോവിഡ് പരിശോധനകള്‍ നടന്നുവെന്നാണ് ഐ.സി.എം.ആര്‍ അറിയിക്കുന്നത്. ഒരു ദശലക്ഷം പരിശോധന പൂര്‍ത്തിയാക്കിയ ശനിയാഴ്ച്ചയാണ് ഏറ്റവും കൂടുതല്‍ രോഗികള്‍(2411) ഒരുദിവസം കണ്ടെത്തിയത്. ശനിയാഴ്ച്ച കോവിഡ് ബാധിച്ച് 71 പേര്‍ മരിക്കുകയും ചെയ്തു.