LiveTV

Live

National

പൂക്കളല്ല, ഭക്ഷണം തരൂ... പുഷ്പവൃഷ്ടിക്കെതിരെ ട്വിറ്ററില്‍ രോഷം

ഇതിനായി ഉപയോഗിച്ച പണം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നതിനോ അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനോ ഉപയോഗിക്കുന്നതായിരുന്നു ഉചിതമെന്നാണ് വിമര്‍ശം ഉയരുന്നത്...

പൂക്കളല്ല, ഭക്ഷണം തരൂ... പുഷ്പവൃഷ്ടിക്കെതിരെ ട്വിറ്ററില്‍ രോഷം

രാജ്യത്തെമ്പാടുമുള്ള ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്തുന്നതിന്റെ തിരക്കിലായിരുന്നു ഇന്ന് വ്യോമസേനയുടെ ഹെലികോപ്റ്റുകള്‍. കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ ചടങ്ങെന്നാണ് ഔദ്യോഗിക വിശദീകരണം. കോവിഡും ലോക്ഡൗണും മൂലം പട്ടിണിയിലും ദുരിതത്തിലുമായ നിരവധി പേര്‍ രാജ്യത്തുള്ളപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങില്‍ ഇത്തരമൊരു പുഷ്പവൃഷ്ടിയുടെ ഔചിത്യം ചോദ്യം ചെയ്യപ്പെടുകയാണ്.

രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ മതിയായ സുരക്ഷാ ഉപകരണങ്ങള്‍ പോലുമില്ലാതെ കഷ്ടപ്പെടുമ്പോള്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്കുള്ള പ്രത്യേക ട്രയിന് പോലും ടിക്കറ്റ് തുക നല്‍കേണ്ടി വരുമ്പോള്‍ എന്തിനാണ് ഇത്തരമൊരു പുഷ്പവൃഷ്ടിയെന്നാണ് ഉയരുന്ന ചോദ്യം. മുന്‍ഗണനകള്‍ തീരുമാനിക്കുന്നതിലെ സര്‍ക്കാര്‍ പരാജയത്തെയാണ് ചിലര്‍ ട്വീറ്റുകളിലൂടെ വിമര്‍ശിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ പുഷ്പവൃഷ്ടിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകളും പലരും ട്വീറ്റു ചെയ്തിട്ടുണ്ട്. പൊതുപണം ഉപയോഗിച്ച് നടത്തുന്ന ഇത്തരം ദുര്‍വ്യയങ്ങളേയാണ് പലരും വിമര്‍ശിച്ചിരിക്കുന്നത്. ചിലര്‍ ചൈനീസ് സര്‍ക്കാര്‍ കോവിഡിന്റെ സമയത്ത് ചെയ്തിരുന്ന കാര്യങ്ങളുമായി കേന്ദ്ര സര്‍ക്കാരിന്റെ ചെയ്തികളെ താരതമ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.