LiveTV

Live

National

സുപ്രീംകോടതി ഭരണഘടനാപരമായ ചുമതല നിറവേറ്റുന്നില്ല, കോവിഡ് കാലത്തെ പ്രവര്‍ത്തനം നിരാശാജനകം: മുന്‍ ജഡ്ജി മദന്‍ ബി ലോക്കൂര്‍

സുപ്രീംകോടതി ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റുന്നില്ല. അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് കൊടുക്കാത്ത ഗൗരവം അർണബ് ഗോസ്വാമിയുടെ ഹർജിക്ക് നൽകിയെന്നും ജസ്റ്റിസ് ലോക്കൂര്‍.

സുപ്രീംകോടതി ഭരണഘടനാപരമായ ചുമതല നിറവേറ്റുന്നില്ല, കോവിഡ് കാലത്തെ പ്രവര്‍ത്തനം നിരാശാജനകം: മുന്‍ ജഡ്ജി മദന്‍ ബി ലോക്കൂര്‍

സുപ്രീംകോടതിയെ വിമര്‍ശിച്ച് മുന്‍ ജഡ്ജി മദന്‍ ബി ലോക്കൂര്‍. സുപ്രീംകോടതി ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും കോവിഡ് കാലത്തെ സുപ്രീംകോടതിയുടെ പ്രവര്‍ത്തനം നിരാശപ്പെടുത്തുന്നതാണെന്നും മദന്‍ ബി ലോക്കൂര്‍ വിമര്‍ശിച്ചു. അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് കൊടുക്കാത്ത ഗൗരവം അർണബ് ഗോസ്വാമിയുടെ ഹർജിക്ക് നൽകിയെന്നും ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ് ലോക്കൂര്‍ കുറ്റപ്പെടുത്തി.

കോടതി ആത്മപരിശോധന നടത്തണം. മുൻപ് പ്രവർത്തിച്ചതിനെക്കാൾ സജീവമായി പ്രവർത്തിക്കേണ്ട സമയമാണിത്. ഇതര സംസ്ഥാന തൊഴിലാളികളുടെ വിഷയത്തിൽ സുപ്രീംകോടതി നിലപാട് നിരാശപ്പെടുത്തി. തൊഴിലാളികളുടെ കാര്യത്തില്‍ ഉചിതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നില്ല വേണ്ടത്. ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് പറയുന്നതിനൊപ്പം കോടതിക്കും ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ട്.

നാട്ടിലേക്ക് പോകണമെന്നും ഭക്ഷണവും താമസവും ഉറപ്പാക്കണമെന്നുമുള്ള തൊഴിലാളികളുടെ ആവശ്യങ്ങളോളം പരിഗണന നല്‍കേണ്ട മറ്റൊരു വിഷയവും ഇപ്പോള്‍ ഇല്ലായിരുന്നു. ഈ വിഷയവും ഗ്രാമീണ തൊഴിലുറപ്പുമായി ബന്ധപ്പെട്ട ഹര്‍ജികളും മാറ്റിവെച്ച സുപ്രീം കോടതി അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിച്ചു. അത്തരമൊരു അടിയന്തര സാഹചര്യം അര്‍ണബിന്‍റെ ഹര്‍ജിയില്‍ ഉണ്ടായിരുന്നില്ല. ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികളും ജമ്മു കശ്മീർ വിഷയവുമായി ബന്ധപ്പെട്ട ഹർജികളും വാദം കേൾക്കുന്നത് മാറ്റിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ സമയങ്ങളിലുള്ള പ്രാധാന്യം ഇപ്പോള്‍ അവകാശ സംരക്ഷണത്തിന് ഇല്ലെന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ പരാമര്‍ശത്തെയും അദ്ദേഹം വിമര്‍ശിച്ചു. അവകാശങ്ങളെക്കുറിച്ച് മറന്നേക്കൂ എന്ന് പറയാന്‍ കഴിയില്ല. അടിയന്തരാവസ്ഥ കാലത്ത് അവകാശങ്ങളെക്കുറിച്ച് മറക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ഇപ്പോഴും അതിന് സാധിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്ന് ജസ്റ്റിസ് മദന്‍ ലോക്കൂര്‍ പറഞ്ഞു.