LiveTV

Live

National

ദക്ഷിണേന്ത്യയിലും കോവിഡ് വ്യാപിക്കുന്നു

തെലങ്കാനയില്‍ നൂറുകണക്കിന് അതിഥി തൊഴിലാളികള്‍ ഒത്തുചേര്‍ന്നത് സംഘര്‍ഷത്തില്‍ കലാശിച്ചു

ദക്ഷിണേന്ത്യയിലും കോവിഡ് വ്യാപിക്കുന്നു

കേരളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് ബാധ വര്‍ധിക്കുന്നു. തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം ആശങ്കാജനമായി വര്‍ധിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നൂറിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

തമിഴ്നാട്ടില്‍ ഇന്നലെ 104 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 94 പേരും ചെന്നൈയില്‍ നിന്നാണ്. മരിച്ച രണ്ടുപേരും ചെന്നൈ സ്വദേശികളാണ്. രോഗബാധിതരുടെ എണ്ണം 2162 ആയി. 1210 പേര്‍ ആശുപത്രി വിട്ടു. 27 ആണ് സംസ്ഥാനത്തെ മരണസംഖ്യ.

കൂടുതല്‍ രോഗബാധിതരുള്ള പ്രദേശങ്ങളില്‍ നിയോഗിച്ച പ്രത്യേക സമിതി, പ്രതിരോധ പ്രവര്‍ത്തികള്‍ ഊര്‍ജിതമാക്കി. ഇവിടെയുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ ഈ സമിതി എത്തിച്ചു നല്‍കും. ലോക്‍ഡൌൺ നീട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മെയ് രണ്ടിന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

കര്‍ണാടകയില്‍ ഇന്നലെ ഒരാള്‍ കൂടി മരിച്ചു. തുംകൂര്‍ സ്വദേശിയായ 73 വയസുകാരനാണ് മരിച്ചത്. സംസ്ഥാനത്തെ ആകെ മരണസംഖ്യ 21 ആയി. 11 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 534 ആയി. 215 പേര്‍ ആശുപത്രി വിട്ടു.

ആന്ധ്രപ്രദേശിൽ ഇന്നലെ 73 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1332 ആണ് രോഗബാധിതരുടെ എണ്ണം. സംസ്ഥാനത്തെ മരണ സംഖ്യ, 31 ആണ്. കര്‍നൂലില്‍ മാത്രം 343 രോഗബാധിതരുണ്ട്. 287 പേര്‍ ആശുപത്രി വിട്ടു.

ഇന്നലെ തെലങ്കാനയില്‍ നൂറുകണക്കിന് അതിഥി തൊഴിലാളികള്‍ ഒത്തുചേര്‍ന്നത് സംഘര്‍ഷത്തില്‍ കലാശിച്ചു. നാട്ടിലേയ്ക്ക് പോകാന്‍ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹൈദരബാദില്‍ തൊഴിലാളികള്‍ സംഘടിച്ചത്. പിന്നീട്, പൊലിസെത്തി സംസാരിച്ചെങ്കിലും വഴങ്ങാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലിസ് ലാത്തിവീശി.

പൊലിസ് വാഹനം ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ തകര്‍ത്തു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ട്. ഇന്നലെ ഏഴു പേര്‍ക്കുമാത്രമാണ് രോഗം കണ്ടെത്തിയത്. 1016 ആണ് രോഗബാധിതരുടെ എണ്ണം. 374 പേര്‍ ആശുപത്രി വിട്ടു. കഴിഞ്ഞ നാല് ദിവസങ്ങളായി മരണവും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. സംസ്ഥാനത്തെ മരണസംഖ്യ 25 ആണ്. പുതുച്ചേരിയില്‍ മൂന്നുപേരാണ് ചികിത്സയിലുള്ളത്.