LiveTV

Live

National

മഹാരാഷ്ട്രയില്‍ രോഗികള്‍ പതിനായിരത്തിലേക്ക്; രാജ്യത്ത് 1074 പേര്‍ മരിച്ചു

മൊത്തം 9 ലക്ഷം പേർ നിരീക്ഷണത്തിലാണെന്ന് ഹർഷ് വർധൻ പറഞ്ഞു.

മഹാരാഷ്ട്രയില്‍ രോഗികള്‍ പതിനായിരത്തിലേക്ക്; രാജ്യത്ത് 1074 പേര്‍ മരിച്ചു

രാജ്യത്ത് കോവിഡ് ബാധിച്ച് 1074 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 67 പേര്‍ മരിച്ചെന്നും 1718 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മൊത്തം രോഗികളുടെ എണ്ണം 33,000 കടന്നു. മഹാരാഷ്ട്രയിൽ മാത്രം രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുകയാണ്.

33050 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചവർ. മരണസംഖ്യ 1074 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1718 പുതിയ കേസുകൾ കണ്ടെത്തി. 23,651 പേരാണ് ആക്ടീവായ രോഗികൾ. രോഗം ഭേദമായവർ 8325 ആയി.

മഹാരാഷ്ട്രയിൽ 475 പുതിയ കേസുകളും 26 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നാസിക്കിലെ മാലേഗാവ് പുതിയ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. 177 പുതിയ കേസുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. പൂനെയിൽ 12 മണിക്കൂറിനുള്ളിൽ 127 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം കേസുകൾ 1722.

രാജസ്ഥാനിൽ 2 മരണവും 86 കേസുകളും റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിൽ കോവിഡ് മൂലം 3 പേർ മരിച്ചു. പുതിയ കേസുകൾ 19. മൊത്തം കേസുകൾ 1495. ബീഹാറിൽ 9 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. മൊത്തം കേസുകൾ 392 ആയി.

ഡൽഹി ആസാദ് പൂർ പച്ചക്കറി മാർക്കറ്റിലെ 4 വ്യാപാരികൾക്ക് കൂടി രോഗം കണ്ടെത്തി. ഇവിടെ രോഗീ സംഖ്യ 15 ആയി. മേഘാലയയിൽ 11 ജില്ലകളിൽ പത്തും ഹരിത മേഖലയാക്കി.

വടക്കൻ അതിർത്തി മേഖലകളിൽ 20 ലക്ഷം പേരെ കോവിഡ് പരിശോധന നടത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ പറഞ്ഞു. തുറമുഖങ്ങളിൽ 47,000 പേരെയും പരിശോധിച്ചു. മൊത്തം 9 ലക്ഷം പേർ നിരീക്ഷണത്തിലാണെന്ന് ഹർഷ് വർധൻ പറഞ്ഞു.