LiveTV

Live

National

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1075ആയി

കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ നഴ്സുമാരെ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കുന്നില്ലെന്നാണ് ഡൽഹിയിലെ വിവിധ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാ൪ പരാതി ഉന്നയിച്ചു

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1075ആയി

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1075ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 67 മരണവും 1078 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രോഗവിമുക്തി നിരക്ക് മെച്ചപ്പെട്ടുവരുന്നതായി കേന്ദ്രം വ്യക്തമാക്കി. രോഗികളുമായി സമ്പ൪ക്കം പുല൪ത്തിയ നഴ്സുമാ൪ക്ക് നിരീക്ഷണത്തിൽ കഴിയാൻ മതിയായ സമയം പോലും അനുവദിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടും ആശുപത്രിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന പരാതിയുമായി കൊൽക്കത്ത നാരായണ ആശുപത്രിയിലെ നേഴ്സുമാ൪ രംഗത്തെത്തി. മലയാളി നഴ്സുമാർ ഉൾപ്പെടെ ഒമ്പത് ആരോഗ്യ പ്രവർത്തകർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ നഴ്സുമാരെ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കുന്നില്ലെന്നാണ് ഡൽഹിയിലെ വിവിധ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാ൪ പരാതി ഉന്നയിച്ചു. പലരെയും നീരീക്ഷണ കാലാവധി തീരും മുൻപ് ജോലിക്ക് തിരിച്ച് വിളിച്ചു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1078 കേസുകളാണ് രാജ്യത്ത് റിപ്പോ൪ട്ട് ചെയ്തത്. 67 മരണവും. പൂനെയിൽ 12 മണിക്കൂറിനുള്ളിൽ 127 കേസുകൾ റിപ്പോ൪ട്ട് ചെയ്തു. ഇതിനകം 8325 പേ൪ക്കാണ് രോഗം ഭേദമായത്. രോഗ വിമുക്ത നിരക്ക് മെച്ചപ്പെടുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ 475 പുതിയ കേസുകളും 26 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നാസിക്കിലെ മാലേഗാവ് പുതിയ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. രാജസ്ഥാനിൽ 3 മരണവും 118 കേസുകളും റിപ്പോർട്ട് ചെയ്തു.

മധ്യപ്രദേശിലെ ഇൻഡോറിലും 3 പേർ മരിച്ചു. പുതിയ കേസുകൾ 19. ബീഹാറിൽ 9 പുതിയ കോവിഡ് കേസുകളടക്കം 392 രോഗബാധിതരാണുള്ളത്. ഡൽഹി ആസാദ് പൂർ പച്ചക്കറി മാർക്കറ്റിലെ 4 വ്യാപാരികൾക്ക് കൂടി രോഗം കണ്ടെത്തി. ഇവിടെ രോഗ സംഖ്യ 15 ആയി. വടക്കൻ അതിർത്തി മേഖലകളിൽ 20 ലക്ഷം പേരെ കോവിഡ് പരിശോധന നടത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ പറഞ്ഞു. തുറമുഖങ്ങളിൽ 47,000 പേരെയും പരിശോധിച്ചു. മൊത്തം 9 ലക്ഷം പേർ നിരീക്ഷണത്തിലാണെന്ന് ഹർഷ് വർധൻ പറഞ്ഞു.