LiveTV

Live

National

വിടാതെ കോവിഡ്; പ്രതിസന്ധിയില്‍ തമിഴ്നാടും ആന്ധ്രാപ്രദേശും

തമിഴ്നാട്ടിലാണ് രൂക്ഷമായ പ്രതിസന്ധി നിലനില്‍ക്കുന്നത്. പ്രത്യേകിച്ചും ചെന്നൈ ഉള്‍പ്പെടെയുള്ള കോര്‍പറേഷന്‍ മേഖലകളില്‍

വിടാതെ കോവിഡ്; പ്രതിസന്ധിയില്‍ തമിഴ്നാടും ആന്ധ്രാപ്രദേശും

തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. തമിഴ്നാട്ടിൽ ഇന്ന് 161 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം 138 പേര്‍ രോഗബാധിതരായി. ആന്ധ്രയില്‍ ഇന്ന് മാത്രം 71 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലാണ് രൂക്ഷമായ പ്രതിസന്ധി നിലനില്‍ക്കുന്നത്. പ്രത്യേകിച്ചും ചെന്നൈ ഉള്‍പ്പെടെയുള്ള കോര്‍പറേഷന്‍ മേഖലകളില്‍. രണ്ടു ദിവസങ്ങളിലായി രോഗം ബാധിയ്ക്കുന്നവരില്‍ 90 ശതമാനവും ചെന്നൈയില്‍ നിന്നുള്ളവരാണ്. ചെന്നൈ നഗരത്തിലെ എല്ലാ പച്ചക്കറി മാര്‍ക്കറ്റുകളും അടച്ചു. കോയമ്മേട് മാര്‍ക്കറ്റില്‍ ഏഴ് പേര്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്നാണിത്. റായപുരത്തെ റെഡ് സോണില്‍ നിന്ന് പുറത്തിറങ്ങണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സംഘടിച്ചത് സംഘര്‍ഷത്തിനിടയാക്കി.

നൂറുകണക്കിന് ആളുകളാണ് ഇവിടെ ഒത്തു ചേര്‍ന്നത്. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോകണമെന്നായിരുന്നു ആവശ്യം.പൊലിസ് ഇടപെട്ട് എല്ലാവരെയും പിരിച്ചുവിട്ടു. ആന്ധ്രപ്രദേശിൽ ഇന്ന് 71 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 1403 ആയി. സംസ്ഥാനത്തെ മരണ സംഖ്യ, 31 ആണ്. 321 പേര്‍ ആശുപത്രി വിട്ടു. കര്‍ണാടകയില്‍ ഇന്ന് 22 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 556 ആയി. 223 പേര്‍ ആശുപത്രി വിട്ടു. തെലങ്കാനയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ട്. ഇന്നലെ ഏഴു പേര്‍ക്കുമാത്രമാണ് രോഗം കണ്ടെത്തിയത്. 1016 ആണ് രോഗബാധിതരുടെ എണ്ണം. 374 പേര്‍ ആശുപത്രി വിട്ടു. കഴിഞ്ഞ നാല് ദിവസങ്ങളായി മരണവും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. സംസ്ഥാനത്തെ മരണസംഖ്യ 25 ആണ്.