LiveTV

Live

National

ശമ്പളത്തിലല്ല, മനസിന്റെ വലുപ്പമാണ് വലുത്; ഒരു മാസത്തെ വേതനം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തെലങ്കാനയിലെ ശുചീകരണത്തൊഴിലാളി

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ(GHMC) ശുചീകരണത്തൊഴിലാളിയാണ് അലിവേലു


ശമ്പളത്തിലല്ല, മനസിന്റെ വലുപ്പമാണ് വലുത്; ഒരു മാസത്തെ വേതനം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തെലങ്കാനയിലെ ശുചീകരണത്തൊഴിലാളി

രാജ്യം കോവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ തന്നെക്കൊണ്ടാവുന്ന വിധത്തിലെങ്കിലും സഹായിക്കണമെന്ന് കരുതുന്ന നിരവധി നല്ല മനസുകള്‍ നമ്മുടെയിടയിലുണ്ട്. അവര്‍ ചെയ്ത നല്ല കാര്യങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. അവര്‍ക്കിടയിലേക്ക് സമൂഹത്തിന് വലിയൊരു മാതൃക കാട്ടിയിരിക്കുകയാണ് തെലങ്കാനയിലുള്ള ഒരു ശുചീകരണത്തൊഴിലാളി. തന്റെ ഒരു മാസത്തെ ശമ്പളം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് അലിവേലു എന്ന സ്ത്രീ.

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ(GHMC) ശുചീകരണത്തൊഴിലാളിയാണ് അലിവേലു. 12,000 രൂപയാണ് ഇവരുടെ ഒരു മാസത്തെ ശമ്പളം. ഈ തുക മുഴുവനുമാണ് അവര്‍ കോവിഡ് പ്രതിരോധത്തിനായി സംഭാവന ചെയ്തിരിക്കുന്നത്. മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ മന്ത്രി കെ.ടി രാമ റാവുവിന് കഴിഞ്ഞ ദിവസം ഈ തുക കൈമാറി.

വ്യവസായികളിൽ നിന്നും പ്രമുഖരിൽ നിന്നും ദിനംപ്രതി വൻ സംഭാവനകൾ സ്വീകരിക്കുന്ന മന്ത്രിയെ അലിവേലുവിന്റെ സേവനമനോഭാവം വളരെയധികം ആകര്‍ഷിച്ചു. സമൂഹത്തോടുള്ള പ്രതിബദ്ധതയെ അലിവേലുവിന്റെ പ്രതിബദ്ധതയെ മന്ത്രി അഭിനന്ദിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ടോളിചൌക്യ സര്‍ക്കിളില്‍ ശുചീകരണത്തൊഴിലാളിയാണ് അലിവേലു. ഇവരുടെ ഭര്‍ത്താവ് ശൈലം പച്ചക്കറി മാര്‍ക്കറ്റില്‍ ദിവസ വേതനത്തൊഴിലാളിയാണ്. വിദ്യാര്‍ഥികളായ രണ്ട് മക്കളുമുണ്ട്. ഈ ബുദ്ധിമുട്ടുള്ള സമയത്ത് ശമ്പളം സംഭാവന ചെയ്യണ്ടെന്ന് പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തിയെന്നും എന്നാല്‍ ഭര്‍ത്താവും മക്കളും തന്നോടൊപ്പം നിന്നുവെന്നും അലിവേലു പറഞ്ഞു.