LiveTV

Live

National

കോവിഡ് ഭീതി ഒഴിയാതെ കേരളം ഒഴികെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളും

ദക്ഷിണേന്ത്യയില്‍ കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്ന ആന്ധ്രപ്രദേശിൽ ഇന്നലെ 82 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കോവിഡ് ഭീതി ഒഴിയാതെ കേരളം ഒഴികെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളും

കോവിഡ് ഭീതിയില്‍ തന്നെയാണ് കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും. നാല് സംസ്ഥാനങ്ങളിലെ മരണസംഖ്യ നൂറ്റിയൊന്നായി. കര്‍ണാടകയിലും തമിഴ്നാട്ടിലും ഇന്നലെ ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. അഞ്ച് സംസ്ഥാനങ്ങളിലെ ആകെ രോഗികളുടെ എണ്ണം 4850 ആണ്. തമിഴ്നാട്ടിലെ മൂന്ന് കോര്‍പറേഷനുകളില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ഡൌണ്‍ ഇന്ന് അവസാനിയ്ക്കും.

തമിഴ്നാട്ടില്‍ ഇന്നലെ 121 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം 2058 ആയി. ചെന്നൈയില്‍ മാത്രം 103 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. നഗരത്തിലെ ഹോട്സ്പോട്ടുകളുടെ എണ്ണം 202 ആയി. സംസ്ഥാനത്ത് രോഗം ഭേദമായത് 1128 പേര്‍ക്കാണ്. മരണസംഖ്യ 25 ആയി.

ചെന്നൈ, കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ഡൌണ്‍ ഇന്ന് അവസാനിയ്ക്കും. രോഗബാധിതര്‍ വര്‍ധിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ലോക്‍ഡൌണ്‍ നീട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

കര്‍ണാടകയില്‍ ഇന്നലെ 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 523 ആയി. 207 പേര്‍ ആശുപത്രി വിട്ടു. ഹോട്സ്പോട്ടുകള്‍ ഒഴികെയുള്ള ജില്ലകളിലെ ലോക്ഡൌണിലെ ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗരേഗ പുറത്തിറക്കി.

ദക്ഷിണേന്ത്യയില്‍ കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്ന ആന്ധ്രപ്രദേശിൽ ഇന്നലെ 82 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1259 ആണ് രോഗബാധിതരുടെ എണ്ണം. സംസ്ഥാനത്തെ മരണ സംഖ്യ, 31 ആണ്. കര്‍നൂലില്‍ മാത്രം 40 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 332 ആണ് കര്‍നൂലിലെ രോഗബാധിതരുടെ എണ്ണം. 235 പേര്‍ ആശുപത്രി വിട്ടു.

തെലങ്കാനയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ട്. ഇന്നലെ ആറു പേര്‍ക്കു മാത്രമാണ് രോഗം കണ്ടെത്തിയത്. 1009 ആണ് രോഗബാധിതരുടെ എണ്ണം. 374 പേര്‍ ആശുപത്രി വിട്ടു. സംസ്ഥാനത്തെ മരണസംഖ്യ 25 ആണ്. ഏഴുപേര്‍ക്ക് രോഗം ബാധിച്ച പുതുച്ചേരിയില്‍ നാലു പേര്‍ ആശുപത്രി വിട്ടു.