LiveTV

Live

National

രാജ്യത്ത് കോവിഡ് മരണം കുത്തനെ കൂടുന്നു; 24 മണിക്കൂറിനിടെ 72 പേര്‍ മരിച്ചു

ആകെ മരണം ആയിരം കവിഞ്ഞു; 31,332 രോഗികള്‍; മഹാരാഷ്ട്രയിലും രാജസ്ഥാനിലും സ്ഥിതി മോശം; 301 ജില്ലകളില്‍ പുതുതായി വൈറസ് ബാധ

രാജ്യത്ത് കോവിഡ് മരണം കുത്തനെ കൂടുന്നു; 24  മണിക്കൂറിനിടെ 72 പേര്‍ മരിച്ചു

രാജ്യത്ത് കോവിഡ് മരണം കുത്തനെ കൂടുന്നു. 24 മണിക്കൂറിനിടെ 72 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇതുവരെ 1007 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 31332 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നതായി വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്.

മാർച്ച് 23ന് 82 ജില്ലകളിൽ മാത്രം റിപ്പോർട്ട്‌ ചെയ്ത രോഗം ഏപ്രിൽ 24 ആകുമ്പോൾ 430 ജില്ലകളിലേക്ക് വ്യാപിച്ചു. മാർച്ച് 28 നും ഏപ്രിൽ 28നും ഇടയിൽ 301 ജില്ലകളിൽ ആദ്യ കോവിഡ് റിപ്പോർട്ട്‌ ചെയ്തു. രോഗം റിപ്പോർട്ട്‌ ചെയ്ത ജില്ലകളിൽ രോഗവ്യാപനം കൂടുകയും ചെയ്തു. ഉത്തർപ്രദേശിൽ 41ഉം തമിഴ്‍നാട്ടിൽ 26ഉം ജില്ലകളിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്‌, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ രണ്ടു ജില്ലകളിൽ വീതം 500നു മുകളിൽ ആളുകൾക്ക് ഒരു മാസത്തിനിടെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.

ജനുവരി 30നായിരുന്നു രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്, അതും കേരളത്തില്‍. ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങി എത്തിയ തൃശൂർ സ്വദേശിനിയായ വിദ്യാർത്ഥിനിക്കായിരുന്നു വൈറസ് ബാധ. തൊട്ടടുത്ത ദിവസങ്ങളിൽ സ്ഥിരീകരിച്ച രണ്ട് കേസുകളും കേരളത്തിൽ ആയിരുന്നു; ആലപ്പുഴയിലും കാസർഗോഡും. ശേഷം ഡൽഹി, ജയ്‌പൂർ, മുംബൈ അടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കോവിഡ് സ്ഥിരീകരണമുണ്ടായി.

മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ 536 ആയിരുന്നു രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം. ഒൻപത് പേർ മരണമടയുകയും ചെയ്തിരുന്നു. ആദ്യ കേസ് സ്ഥിരീകരിച്ച ജനുവരി 30ൽ നിന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം 10,000 തികഞ്ഞത് 75 ദിവസം കൊണ്ടാണ്. മൂന്നുമാസം കൊണ്ട് രാജ്യത്ത് 30,000ത്തിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഏപ്രിൽ 14ന് രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 10,363 കോവിഡ് ബാധിതരും 339 മരണവുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ പതിനായിരത്തിൽ നിന്ന് ഇരുപതിനായിരത്തിലേക്ക് വേണ്ടി വന്നത് എട്ടു ദിവസം മാത്രം . ഏപ്രിൽ 22ന് വൈകീട്ട് പുറത്തുവന്ന കണക്ക് പ്രകാരം 20,471 പേർക്കായിരുന്നു വൈറസ് ബാധ. 652 ആയിരുന്നു മരണ സംഖ്യ. ഇരുപതിനായിരത്തിൽ നിന്ന് കോവിഡ് ബാധിതരുടെ എണ്ണം 30,000 ആകാൻ വേണ്ടി വന്നത് കേവലം ഏഴു ദിവസം.

ആദ്യഘട്ടത്തിൽ കേരളത്തിലായിരുന്നു കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ കാര്യക്ഷമായ പ്രവർത്തനം കൊണ്ട് രോഗ വ്യാപനം തടയാനായി. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച 40 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങളിൽ നിന്നുമാണ്. ഇരുസംസ്ഥാനങ്ങളിലുമായി 581 പേരാണ് മരിച്ചത്. മെയ് ആദ്യവാരത്തോടെ രോഗവ്യാപനം ഉയർന്ന തോതിൽ എത്തിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്.