LiveTV

Live

National

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ നേരിട്ട് ശേഖരിക്കുമെന്ന് കേന്ദ്രം

നാട്ടിലെത്തിക്കണമെന്ന ആവിശ്യവുമായി സാമുഹിക മാധ്യമങ്ങൾ വഴിയും ഇ-മെയിൽ വഴിയും നിരവധി പരാതികൾ നേരത്തെ തന്നെ പ്രവാസികളിൽ നിന്ന് എംബസികൾക്ക് ലഭിച്ചിരുന്നു

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ നേരിട്ട് ശേഖരിക്കുമെന്ന് കേന്ദ്രം

നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഗൾഫ് പ്രവാസികളുടെ വിശദാംശങ്ങൾ ശേഖരിക്കാനുള്ള നടപടികൾ കേന്ദ്രം ഉടൻ ആരംഭിക്കും. വരാൻ തയ്യാറാകുന്നവരിൽ പ്രഥമ പരിഗണന നൽകേണ്ടത് ആ൪ക്കാണെന്ന കാര്യത്തിൽ ഇതിന് ശേഷമാകും കേന്ദ്രം തീരുമാനമെടുക്കുക. ഗൾഫ് പ്രവാസികളെ കൊണ്ടുവരാൻ വിമാനങ്ങളും കപ്പലുകളും തയ്യാറാക്കാൻ എയ൪ ഇന്ത്യക്കും ഇന്ത്യൻ നാവിക സേനക്കും കേന്ദ്ര സ൪ക്കാ൪ നി൪ദേശം നൽകിയിരുന്നു.

ഗൾഫ് രാഷ്ട്രങ്ങളിലെ ഇന്ത്യൻ എംബസികൾ വഴി നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ കേന്ദ്രം നേരിട്ട് ശേഖരിക്കുമെന്നാണ് വിവരം. ജോലി നഷ്ടപ്പെട്ടവരുടെയും സന്ദ൪ശക വിസയിലെത്തിയവരുടെയും തിരിച്ചുവരവിന് സ൪ക്കാ൪ സഹായം വേണമെന്ന ആവിശ്യം ഇതിനകം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും കേന്ദ്രം ന്തീരുമാനമെടുത്തേക്കും.

കോവിഡ് കേസുകൾ ഗണ്യമായി കൂടുന്ന പശ്ചാത്തലത്തിൽ നാട്ടിലെത്തിക്കണമെന്ന ആവിശ്യവുമായി സാമുഹിക മാധ്യമങ്ങൾ വഴിയും ഇ-മെയിൽ വഴിയും നിരവധി പരാതികൾ നേരത്തെ തന്നെ പ്രവാസികളിൽ നിന്ന് എംബസികൾക്ക് ലഭിച്ചിരുന്നു. നാട്ടിലെത്തുന്ന പ്രവാസികൾക്ക് മതിയായ സൗകര്യം ഒരുക്കുമെന്ന് വ്യക്തമാക്കി കേരളം നേരത്തെ തന്നെ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം കഴിഞ്ഞ ദിവസം നടപടികളാരംഭിച്ചത്.

ഗൾഫ് പ്രവാസികളെ കൊണ്ടുവരാനായി വിമാനങ്ങളും കപ്പലുകളും തയ്യാറാക്കി വെക്കാൻ എയ൪ ഇന്ത്യക്കും ഇന്ത്യൻ നാവിക സേനക്കും കേന്ദ്ര വിദേശ കാര്യ മന്ത്രാലയം നി൪ദേശം നൽകി. ഒരു കപ്പലിൽ 500 പേരെ വീതം കൊണ്ടുവരാനാകുമെന്ന് ഇന്ത്യൻ നാവിക സേനയും 500 വിമാനങ്ങൾ ഇതിനായി സജ്ജമാണെന്ന് എയ൪ ഇന്ത്യയും കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു.

തിരിച്ചെത്തിക്കുന്നവരെ ക്വാറന്റൈൻ ചെയ്യുന്ന കാര്യത്തിൽ വിവിധ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കേന്ദ്രം കൂടിയാലോചന നടത്തി വരികയാണ്. അഞ്ച് ലക്ഷം പ്രവാസികളെ ക്വാറന്റൈൻ ചെയ്യാനുള്ള സംവിധാനം സംസ്ഥാനത്തുണ്ടെന്ന് ഇന്നലെ ന്യൂനപക്ഷ വഖ്ഫ് ബോഡ് വകുപ്പ് മന്ത്രി കെടി ജലീൽ വ്യക്തമാക്കിയിരുന്നു.