LiveTV

Live

National

ലോക് ഡൌണ്‍ മൂലം ക്വിന്റല്‍ കണക്കിന് സവാളകള്‍ നശിക്കുന്നു, സഹായിക്കണം; സവാള കര്‍ഷകരുടെ ദുരിതത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്ക് ഒടുവില്‍ മുഖ്യമന്ത്രിയുടെ സഹായം

യുവതിയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ഉടന്‍ തന്നെ സഹായമെത്തിക്കുകയും ചെയ്തു

ലോക് ഡൌണ്‍ മൂലം ക്വിന്റല്‍ കണക്കിന് സവാളകള്‍ നശിക്കുന്നു, സഹായിക്കണം; സവാള കര്‍ഷകരുടെ ദുരിതത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്ക് ഒടുവില്‍ മുഖ്യമന്ത്രിയുടെ സഹായം

ഒരു മാസത്തിലധികമായി നീണ്ടുപോകുന്ന ലോക്ഡൌണ്‍ എല്ലാ മേഖലകളെയും പോലെ കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. മാസങ്ങളോളം കഷ്ടപ്പെട്ടുണ്ടാക്കിയ വിളകളൊന്നും വില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് രാജ്യത്തെ കര്‍ഷകരുടേത്. വിളവെടുത്തവ മാര്‍ക്കറ്റിലെത്തിക്കാന്‍ സാധിക്കാതെ ചീഞ്ഞുപോകുന്നു. ഈ സാഹചര്യത്തിലാണ് കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള കര്‍ഷകയായ യുവതി ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയുടെ സഹായം തേടിയത്. യുവതിയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ഉടന്‍ തന്നെ സഹായമെത്തിക്കുകയും ചെയ്തു.

ഹിരിയൂര്‍ താലൂക്കിലെ കാട്ടാനാക്യാന ഹള്ളിയിലെ കര്‍ഷകയായ വസന്തകുമാരിയാണ് സവാള കര്‍ഷകരുടെ നിസ്സഹായവസ്ഥയെക്കുറിച്ച് ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്തത്. ഇവരുടെ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ സംഭവത്തില്‍ ഇടപെട്ടു. ഹോര്‍ട്ടികള്‍ച്ചറില്‍ നിന്നും ജീവനക്കാരെത്തി ഉടന്‍ തന്നെ വസന്തകുമാരിയുടെ ഫാമില്‍ നിന്നും സവാള വാങ്ങുകയും ചെയ്തു. കര്‍ഷകരുടെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും വസന്തകുമാരി പറഞ്ഞു.സർക്കാരിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്താന്‍ കാണിച്ച വസന്തകുമാരിയുടെ ബുദ്ധിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ റിസപ്ഷനിസ്റ്റായിരുന്നു വസന്തകുമാരി. ഇവരുടെ ഭര്‍ത്താവ് ഒരു ഓട്ടോമൊബൈല്‍ ഷോറൂമിലെ ജീവനക്കാരനും. കൃഷിക്ക് വേണ്ടി ഇവര്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് സ്വന്തം നാട്ടില്‍ ട്യൂബ് റോസ്, പരുത്തി, സവാള, മുളക് എന്നിവ കൃഷി ചെയ്തു. ഏതാനും മാസങ്ങൾക്ക് മുമ്പ് ദമ്പതികൾ അഞ്ച് ഏക്കർ കൃഷിയിടത്തിൽ ഏഴ് ടൺ ഉള്ളി കൃഷി ചെയ്തിരുന്നു. ഒരു ലക്ഷം രൂപ മുതല്‍മുടക്കിയായിരുന്നു കൃഷി. എന്നാല്‍ പിന്നീട് ലോക്ഡൌണ്‍ മൂലം ഈ സവാളകള്‍ വിപണിയിലെത്തിക്കാന്‍ സാധിച്ചില്ല. സവാള ചീഞ്ഞഴുകാനും തുടങ്ങി. ഒടുവിലാണ് വസന്തകുമാരി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.