LiveTV

Live

National

ഫോളോ ചെയ്തുതുടങ്ങി ദിവസങ്ങള്‍ക്കകം നരേന്ദ്രമോദിയെ അണ്‍ഫോളോ ചെയ്ത് വൈറ്റ് ഹൗസ്

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന് പുറമെ മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടും വൈറ്റ് ഹൗസ് ഫോളോ ചെയ്തിരുന്നു

ഫോളോ ചെയ്തുതുടങ്ങി ദിവസങ്ങള്‍ക്കകം  നരേന്ദ്രമോദിയെ അണ്‍ഫോളോ ചെയ്ത് വൈറ്റ് ഹൗസ്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന അപൂര്‍വം ആളുകളിലൊരാളായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറിയത് വലിയ വാര്‍ത്തയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മില്‍ വളരുന്ന സൗഹൃദത്തിന്റെ സൂചനയായാണ് പലരും ഇതിനെ കണ്ടത്. എന്നാലിപ്പോള്‍ മോദിയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് വൈറ്റ് ഹൗസ്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന് പുറമെ മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടും വൈറ്റ് ഹൗസ് ഫോളോ ചെയ്തിരുന്നു. മോദിക്ക് പുറമെ രാഷ്ട്രപതിയുടെ ഔദ്യോഗിക പേജും ഇന്ത്യയിലെ അമേരിക്കന്‍ എംബസിയേയും, അമേരിക്കയിലെ ഇന്ത്യന്‍ എംബസിയെയും വൈറ്റ് ഹൗസ് ഫോളോ ചെയ്തിരുന്നു. ഈ അക്കൗണ്ടുകളെയും ഇപ്പോള്‍ അണ്‍ഫോളോ ചെയ്തിരിക്കുന്നതായാണ് കാണുന്നത്. ഇപ്പോള്‍ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നവരുടെ എണ്ണം 19ല്‍ നിന്നും 13 ആയി കുറഞ്ഞിട്ടുണ്ട്.

കോവിഡ് ചികിത്സക്കായുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ നല്‍കണമെന്ന ട്രംപിന്റെ ആവശ്യം പരിഗണിച്ച് ഇന്ത്യ കയറ്റുമതി നിയന്ത്രണത്തില്‍ ഇളവ് കൊണ്ടുവന്നതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് മോദിയെ ഫോളോ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കന്‍ കമ്മീഷന്‍ ഇന്ത്യയ്‌ക്കെതിരെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ ട്വിറ്റര്‍ അക്കൗണ്ടുകളെയും വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തതെന്നതാണ് ശ്രദ്ധേയം.