LiveTV

Live

National

‘ബാങ്കുകളെ വഞ്ചിച്ച തട്ടിപ്പുകാര്‍ ബി.ജെപിക്ക് വേണ്ടപ്പെട്ടവരായത് കൊണ്ട് അന്നവര്‍ മറുപടി പറഞ്ഞില്ല, ഇപ്പോള്‍ സത്യം പുറത്ത് വന്നു’: രാഹുല്‍ ഗാന്ധി

ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാതെ തട്ടിപ്പ് കാണിക്കാന്‍ ശ്രമിച്ച 50 പേരെ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മറച്ചുവെച്ചെന്നായിരുന്നു രാഹുലിന്‍റെ ആരോപണം

‘ബാങ്കുകളെ വഞ്ചിച്ച തട്ടിപ്പുകാര്‍ ബി.ജെപിക്ക് വേണ്ടപ്പെട്ടവരായത് കൊണ്ട് അന്നവര്‍ മറുപടി പറഞ്ഞില്ല, ഇപ്പോള്‍ സത്യം പുറത്ത് വന്നു’: രാഹുല്‍ ഗാന്ധി

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ മനഃപൂര്‍വ്വം വീഴ്ച വരുത്തിയ തട്ടിപ്പുകാരെ ബി.ജെ.പി ഗവര്‍ണ്‍മെന്‍റെ മറച്ചുപിടിച്ചെന്ന ആരോപണവുമായ് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാതെ തട്ടിപ്പ് കാണിക്കാന്‍ ശ്രമിച്ച 50 പേരെ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മറച്ചുവെച്ചെന്നായിരുന്നു രാഹുലിന്‍റെ ആരോപണം. ഭരണകക്ഷിയായ ബി.ജെ.പി ഗവര്‍ണ്‍മെന്‍റിന്‍റെ സുഹൃത്തുക്കളായത് കൊണ്ടാണ് തട്ടിപ്പുകാരുടെ പേരുകള്‍ പാര്‍ലമെന്‍റില്‍ അവര്‍ പറയാതിരുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പുറത്ത് വിട്ടത്. പാര്‍ലമെന്‍റില്‍ രാഹുല്‍ ഇത് സംബദ്ധിച്ച് ചോദ്യം ഉന്നയിക്കുന്ന വീഡിയോ അടക്കമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ കുറിപ്പിന്‍റെ പൂര്‍ണരൂപം

'ഞാൻ പാർലമെന്റിൽ ഒരു ലളിതമായ ചോദ്യം ചോദിച്ചു, ഏറ്റവും വലിയ 50 ബാങ്ക് അഴിമതിക്കാരുടെ പേരുകൾ പറയുക. പക്ഷേ അന്ന് മറുപടി നൽകാൻ ധനമന്ത്രി വിസമ്മതിച്ചു. എന്നാല്‍ ഇപ്പോഴിതാ നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയ ബി.ജെ.പി സുഹൃത്തുക്കളുടെ ലിസ്റ്റ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തു വിട്ടിട്ടുണ്ട്. ബി.ജെ.പി ഗവര്‍ണ്‍മെന്‍റിന് വേണ്ടപ്പെട്ടവരായത് കൊണ്ടാണ് അന്ന് ഞാനീ ചോദ്യം ചോദിച്ചപ്പോള്‍ അവര്‍ മറുപടി പറയാതിരുന്നത്. അതുകൊണ്ടാണ് ബി.ജെ.പി. പാര്‍ലമെന്റില്‍ നിന്ന് ഈ സത്യം മറച്ചുവെച്ചത്’. പാർലമെന്റിൽ നിന്ന് ചോദ്യം ഉന്നയിക്കുന്ന വീഡിയോയ്‌ക്കൊപ്പം രാഹുല്‍ ട്വീറ്റ് ചെയ്തു.

ആക്ടിവിസ്റ്റായ സാകേത് ഗോഖലെ സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ്(ആർ.ടി.ഐ) ഇന്ത്യന്‍ ബാങ്കുകളില്‍ വായ്പ തിരിച്ചടവ് നടത്താതെ വീഴ്ച വരുത്തിയ 50 പേരുടെ പേരു വിവരങ്ങള്‍ പുറത്ത് വിടുന്നത്. മനപൂര്‍വ്വമായ വീഴ്ച വരുത്തി തട്ടിപ്പ് കാണിച്ച ഇത്രയും പേരുടെ വായ്പകള്‍ എഴുതിത്തള്ളുകയും ചെയ്തിട്ടുണ്ട്. രാജ്യം വിട്ട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവരുടേതടക്കം 50 പേരുടെ 68,607 കോടി രൂപയുടെ വായ്പ മോദി സര്‍ക്കാര്‍ എഴുതിതള്ളിയതായി കോണ്‍ഗ്രസ് ആരോപിച്ചു. 6.66 ലക്ഷം കോടി രൂപയുടെ വായ്പയാണ് 2014 മുതല്‍ 2019 സെപ്റ്റംബര്‍ വരെ സര്‍ക്കാര്‍ ഇത്തരത്തില്‍ എഴുതിത്തള്ളിയതെന്നും കോണ്‍ഗ്രസ് പറഞ്ഞു.