LiveTV

Live

National

ഡല്‍ഹിയിലെ ആശുപത്രികള്‍ കോവിഡ് ഹോട്ട്സ്പോട്ടുകളാകുന്നു

ഡൽഹി ജഗ്ജീവൻ ആശുപത്രിയിൽ പുതുതായി രോഗം സ്ഥിരീകരിച്ച 11 ആരോഗ്യ പ്രവർത്തകർ അടക്കം 64 പേരാണ് ചികിത്സയിൽ.

ഡല്‍ഹിയിലെ ആശുപത്രികള്‍ കോവിഡ് ഹോട്ട്സ്പോട്ടുകളാകുന്നു

ഡല്‍ഹിയിലെ ആശുപത്രികള്‍ കോവിഡ് ഹോട്ട്സ്പോട്ടുകളാകുന്നു. 21 ആശുപത്രികളിൽ നിന്നായി 226 ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാ ആരോഗ്യ പ്രവർത്തകരെയും പരിശോധനയ്ക്കു വിധേയമാക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്ന 15 കോവിഡ് കേസുകളിൽ ഒരാള്‍ ആരോഗ്യ പ്രവർത്തകനാണ്.

ഡൽഹി ജഗ്ജീവൻ ആശുപത്രിയിൽ പുതുതായി രോഗം സ്ഥിരീകരിച്ച 11 ആരോഗ്യ പ്രവർത്തകർ അടക്കം 64 പേരാണ് ചികിത്സയിൽ. പട് പർ ഗഞ്ച് ആശുപത്രിയിലെ മൂന്ന് മലയാളി നഴ്സുമാർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. 33 പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. അംബേദ്കർ ആശുപത്രിയിലെ 33 ആരോഗ്യ പ്രവർത്തകരും കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ 26 പേരും ചികിത്സയിലാണ്. ലേഡി ഹാർഡിങ് ആശുപത്രിയിലെ 14 ആരോഗ്യപ്രവർത്തകർ ചികിത്സയിലുണ്ട്. ഇത്തരത്തിൽ അനുദിനം വർധിക്കുകയാണ് ആണ് രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം. ഇതുവരെ സ്ഥിരീകരിച്ച 226 പേരിൽ 50 ൽ അധികം പേർ മലയാളികളാണ്.

രോഗം കണ്ടെത്തിയവരിൽ 80 ശതമാനം പേർക്കും ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ ഉള്ള ആശുപത്രികളിലെ മുഴുവൻ ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കും. ആദ്യം മാക്സ് ശൃംഖലയിലെ ആശുപത്രികളിലെ 24000 ജീവനക്കാരെയാണ് പരിശോധിക്കുക. ഹോട്ട്സ്പോട്ട് ആയി കൈമാറിയ ആശുപത്രികൾ അടച്ചിട്ട് അണുവിമുക്തമാക്കും. ഇതിനിടെ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ച ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവരോട് ജോലിക്ക് ഹാജരാക്കാൻ നിർബന്ധിക്കുന്നതായി പരാതിയുയർന്നിട്ടുണ്ട്.