LiveTV

Live

National

മരണം കോവിഡ് മൂലമെന്ന് സംശയം; ഹരിയാനയില്‍ ശവസംസ്കാരത്തിന് നേരെ പ്രദേശവാസികളുടെ കല്ലേറ്

കോവിഡ് ബാധിച്ച് മരിച്ചതാണെന്ന് സംശയിച്ച് ഹരിയാനയില്‍ 60 വയസുകാരിയുടെ ശവസംസ്‌കാര ചടങ്ങ് പ്രദേശവാസികള്‍ തടഞ്ഞു.

 മരണം കോവിഡ് മൂലമെന്ന് സംശയം; ഹരിയാനയില്‍ ശവസംസ്കാരത്തിന്  നേരെ പ്രദേശവാസികളുടെ കല്ലേറ്

കോവിഡ് ബാധിച്ച് മരിച്ചതാണെന്ന് സംശയിച്ച് ഹരിയാനയില്‍ 60 വയസുകാരിയുടെ ശവസംസ്‌കാര ചടങ്ങ് പ്രദേശവാസികള്‍ തടഞ്ഞു. ഇതിനെതുടർന്നുണ്ടായ വാഗ്വാദത്തില്‍ പ്രദേശവാസികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രദേശവാസികൾ ഡോക്ടർമാർക്കും പൊലീസിനും നേരെ കല്ലെറിഞ്ഞു. മരിച്ച സ്ത്രീക്ക് കോവിഡ് രോഗബാധ ഉണ്ടായിരുന്നു എന്ന് ആരോപിച്ചാണ് ഗ്രാമവാസികള്‍ കല്ലേറ് നടത്തിയത്.

പൊലീസുമായി നടന്ന പരസ്യമായ ഏറ്റുമുട്ടലില്‍ പ്രദേശവാസികളെ പിരിച്ച് വിടാന്‍ പൊലീസിന് ആകാശത്തേക്ക് വെടിയുതിര്‍ക്കേണ്ടി വന്നു. ജനങ്ങള്‍ പിരിഞ്ഞുപോയതിന് ശേഷമാണ് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ നടത്തനായത്.

അസുഖത്തെ തുടർന്ന് യുവതിയെ തിങ്കളാഴ്ചയാണ് നഗരത്തിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അവര്‍ മരിക്കുകയായിരുന്നു. ശ്വാസതടസം മൂലമാണ് സ്ത്രീ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. മരിച്ച സ്ത്രീയുടെ കോവിഡ് പരിശോധനാ ഫലം ലഭ്യമായിട്ടില്ല.

‘മരണപ്പെട്ട സ്ത്രീക്ക് ആസ്മയുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം ശ്വാസമെടുക്കാന്‍ അവര്‍ വളരെ ബുദ്ധിമുട്ട് നേരിടുകയാണുണ്ടായത്. അങ്ങനെയാണ് അവര്‍ ചികിത്സയിലിരിക്കെ മരിച്ചത്. കോവിഡ് 19 പരിശോധനക്ക് വേണ്ടി സാമ്പിള്‍ ശേഖരിക്കുകയും നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ശവസംസ്‌കാരത്തിന് വേണ്ടി ജില്ലാ ഭരണകൂടം നിര്‍ദേശിച്ച സ്ഥലത്ത് മൃതദേഹം എത്തിച്ചു നല്‍കുകയുമാണ് പൊലീസ് ചെയ്തത്. എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും ഇക്കാര്യത്തില്‍ ചെയ്തിട്ടുണ്ട്. ഗ്രാമവാസികള്‍ അനാവശ്യമായാണ് ശവസംസ്‌കാരത്തെ തടഞ്ഞത് ’ സിവില്‍ സര്‍ജന്‍ ഡോ കുല്‍ദീപ് സിംഗ് പറഞ്ഞു

ലോക്ക്ഡൗണ്‍ ലംഘിച്ചതിനും പൊലീസിനെയും ഡോക്ടര്‍മാരെയും കല്ലെറിഞ്ഞതിനും ഗ്രമാവാസികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 12 പേര്‍ക്കാണ് ഹരിയാനയിലെ അംബാലയില്‍ ഇത് വരെ കോവിഡ് സ്ഥിരീകിച്ചിട്ടുള്ളത്. മൂന്ന് പേരുടെ മരണവും ഹരിയാനയില്‍ നിന്ന് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.