LiveTV

Live

National

വംശനാശ ഭീഷണി നേരിടുന്ന ഡോള്‍ഫിനുകള്‍ ഗംഗയില്‍ കളിക്കുന്ന വീഡിയോ പുറത്ത്‌

ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ആകാശ് ദീപ് ബദ്വാനാണ് ഗംഗയിലെ ഡോള്‍ഫിനുകളുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്...

വംശനാശ ഭീഷണി നേരിടുന്ന ഡോള്‍ഫിനുകള്‍ ഗംഗയില്‍ കളിക്കുന്ന വീഡിയോ പുറത്ത്‌

കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് ലോകമെങ്ങും ഭീതിയിലും ലോക്ഡൗണിലുമാണ്. മനുഷ്യന്‍ ലോക്ഡൗണില്‍ പെട്ട് പുറത്തിറങ്ങാതായതോടെ പ്രകൃതിയില്‍ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഗംഗയില്‍ ശുദ്ധജല ഡോള്‍ഫിനുകള്‍ കളിച്ചു നടക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ആകാശ് ദീപ് ബദ്വാനാണ് ഗംഗയിലെ ഡോള്‍ഫിനുകളുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നമ്മുടെ ദേശീയ ജലജീവിയാണ് വംശനാശ ഭീഷണി നേരിടുന്ന നദീ ഡോള്‍ഫിനുകള്‍. 1801ല്‍ കണ്ടെത്തിയ ഇവപതിറ്റാണ്ടുകള്‍ക്ക് മുമ്പ് വരെ ഇന്ത്യയിലെ ശുദ്ധജല നദികളില്‍ പതിവ് കാഴ്ച്ചയായിരുന്നെങ്കിലും ഇപ്പോള്‍ അപൂര്‍വ്വമാണ്. തദ്ദേശീയമായി സൂണ്‍സ് എന്നാണ് ഇവയെ വിളിക്കുന്നത്. ഉത്തര്‍പ്രദേശിലെ മീററ്റിലൂടെ ഒഴുകുന്ന ഗംഗയുടെ ഭാഗത്തു നിന്നുള്ള വീഡിയോയാണ് ആകാശ് ദീപ് ബദ്വാന്‍ ട്വീറ്റു ചെയ്തിരിക്കുന്നത്. അതേസമയം ഈ വീഡിയോ എപ്പോഴാണ് എടുത്തതെന്ന് അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കിയിട്ടില്ല.

പൊതുവേ നദിയിലെ ഒഴുക്കുകുറഞ്ഞ ഭാഗങ്ങളിലാണ് ഇവയെ കണ്ടുവരാറെന്നും ഇവക്ക് കാഴ്ച്ചയില്ലെന്നും ആകാശ് ദീപ് ബദ്വാന്‍ വിവരിക്കുന്നുണ്ട്. കണ്ണുകളുടെ സ്ഥാനത്ത് ചെറു വരകള്‍ മാത്രമാണുള്ളത്. അള്‍ട്രാസോണിക് ശബ്ദം ഉപയോഗിച്ചാണ് ഇവ ഇരകളേയും മറ്റും തിരിച്ചറിയുന്നത്. പൊതുവേ ഒറ്റക്ക് കാണപ്പെടുന്ന ഇവയെ ചിലപ്പോള്‍ ചെറു സംഘങ്ങളായും കാണാറുണ്ടെന്നും അത് മിക്കപ്പോഴും അമ്മയും കുഞ്ഞുമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.