LiveTV

Live

National

മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ച് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനെ പൊലീസ് ചങ്ങലയിട്ട് പൂട്ടി

അവധിക്ക് നാട്ടിലെത്തിയ സച്ചിന്‍ സ്വന്തം നാടായ ബെല്‍ഗാവില്‍ മാസ്ക് ധരിക്കാതെ ഇറങ്ങി നടന്നതായിരുന്നു. സാധാരണ വേഷമാണ് ധരിച്ചിരുന്നത്

മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ച് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനെ പൊലീസ് ചങ്ങലയിട്ട് പൂട്ടി

മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ച് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനെ പൊലീസ് ചങ്ങലയിട്ട് പൂട്ടി. കര്‍ണാടകയിലെ ബെല്‍ഗാമിലാണ് സംഭവം. ആന്റി മാവോയിസ്റ്റ് സേനയിലെ കമാന്റോ ആയ സച്ചിന്‍ സാവന്തിനെയാണ് പൊലീസ് ചങ്ങലയിട്ട് പൂട്ടിയത്. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെയെത്തിയത് ചോദ്യം ചെയ്ത പൊലീസുകാരോട് സച്ചിന്‍ സാവന്ത് മോശമായി പെരുമാറുകയാണുണ്ടായതെന്നാണ് കര്‍ണാടക പൊലീസ് പറയുന്നത്.

അവധിക്ക് നാട്ടിലെത്തിയ സച്ചിന്‍ സ്വന്തം നാടായ ബെല്‍ഗാവില്‍ മാസ്ക് ധരിക്കാതെ ഇറങ്ങി നടന്നതായിരുന്നു. സാധാരണ വേഷമാണ് ധരിച്ചിരുന്നത്. മാസ്ക് ഇല്ലാതെ നടക്കുന്നത് കണ്ട് പൊലീസ് തടഞ്ഞ് കേസെടുത്തു. സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചു. അസഭ്യം പറഞ്ഞു. ശേഷം ചങ്ങലയില്‍ ബന്ധിച്ചു. ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം വിവാദമായി. വിഷയത്തില്‍ സി.ആര്‍.പി.എഫ് കര്‍ണാടക പൊലീസ് മേധാവിക്ക് കത്തയച്ചു. ക്രൂരമായി പെരുമാറിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ പൊതു സ്ഥലത്ത് മാസ്ക് ധരിക്കാതെ നടന്നത് ചോദ്യം ചെയ്ത പൊലീസുകാര്‍ക്ക് നേരെ സച്ചിന്‍ സാവന്ത് കയര്‍ത്തുവെന്നും കയ്യേറ്റം ചെയ്തുവെന്നുമാണ് കര്‍ണാടക പൊലീസിന്റെ വാദം, താന്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനാണെന്നും തന്നെ നിയമം പഠിപ്പിക്കേണ്ടെന്ന് സച്ചിന്‍ പറഞ്ഞതായും പൊലീസ് വാദിക്കുന്നു. എന്തായാലും പൊലീസ് നടപടിയെ നിയമപരമായി നേരിടാന്‍ ഒരുങ്ങുകയാണ് സി.ആര്‍.പി.എഫ്.