LiveTV

Live

National

‘കോവിഡ് വാക്സിന്‍ സെപ്റ്റംബര്‍ അവസാനം ഇന്ത്യയിലെത്തും, വില 1000 രൂപ’: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ 

ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിര്‍മാതാതാക്കളാണ് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.

‘കോവിഡ് വാക്സിന്‍ സെപ്റ്റംബര്‍ അവസാനം ഇന്ത്യയിലെത്തും, വില 1000 രൂപ’: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ 

കോവിഡ് വൈറസിനുള്ള പ്രതിരോധ വാക്സിൻ സെപ്റ്റംബർ അവസാനത്തോടെ ഇന്ത്യന്‍ വിപണിയിൽ ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ കമ്പനിയായ സെറം ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 1000 രൂപയ്ക്ക് വാക്സിന്‍ രോഗികളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനവാല പറഞ്ഞു.

മെയ് അവസാനത്തോടെ വാക്സിന്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാനും സെപ്റ്റംബറില്‍ നിര്‍മാണം ആരംഭിക്കാന്‍ സാധിക്കുമെന്നുമാണ് പ്രാഥമിക വിലയിരുത്തലെന്നും പൂനവാല പറഞ്ഞു. യു.കെയിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വാക്സിൻ വികസിപ്പിക്കുന്നത്. യു.കെയിലെയും യു.എസിലെയും ശാസ്ത്രജ്ഞരും ഇതിന്‍റെ ഭാഗമാകും. സര്‍വകലാശാലയിലെ ജെന്നര്‍ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സിൻ്റെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിര്‍മാതാതാക്കളാണ് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.

80 ശതമാനം വിജയസാധ്യതയാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഗവേഷകസംഘത്തിലെ വിദഗ്ധര്‍ മുമ്പ് വാക്സിന്‍ നിര്‍മാണത്തെക്കുറിച്ച് പറഞ്ഞിരുന്നത്. അതേസമയം, വാക്സിൻ ഗവേഷണത്തിന് കുറഞ്ഞത് 18 മാസം സമയമെങ്കിലുമെടുക്കുമെന്നും അടുത്ത രണ്ട് വര്‍ഷത്തേയ്ക്ക് വാക്സിൻ വിപണിയിലെത്തിക്കാൻ സാധ്യതയില്ലെന്നുമാണ് മിക്ക വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുമായി സഹകരിക്കാന്‍ കഴിഞ്ഞതോടെ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ സാധിച്ചുവെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദര്‍ പൂനവാല പറഞ്ഞു.

ഓക്സ്ഫോര്‍ഡ് സര്‍വസരലാശാല ശാസ്ത്രജ്ഞന്മാരടങ്ങുന്ന ടീമായിരുന്നു എബോളയ്ക്കെതിരായ വാക്സിന്‍ വികസിപ്പിച്ചത്. അതുകൊണ്ട് തന്നെ അവരില്‍ പുതിയ വാക്സിന്റെ കാര്യത്തിലും വിശ്വാസമുണ്ടെന്ന് അദര്‍ പൂനവാല പറഞ്ഞു. മുന്‍പ് മലേറിയ വാക്സിൻ്റെ നിര്‍മാണത്തിനു വേണ്ടിയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാല സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ചിരുന്നു.