LiveTV

Live

National

തെലങ്കാനയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; കര്‍ണാടകയില്‍ ഒരു മരണം

രാജ്യത്തെ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത കല്‍ബുര്‍ഗിയില്‍ മരണം ഇതോടെ അഞ്ചായി.

തെലങ്കാനയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; കര്‍ണാടകയില്‍ ഒരു മരണം

കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. ആന്ധ്രാപ്രദേശിൽ 82 പേർക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലെ രണ്ട് കോര്‍പറേഷനുകളില്‍ പ്രഖ്യാപിച്ച സന്പൂര്‍ണ ലോക്ഡൌണ്‍ ഇന്ന് അവസാനിക്കും. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തെലങ്കാനയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ട്.

കര്‍ണാടകയില്‍ ഇന്ന് എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 520 ആയി. മരിച്ചത് കല്‍ബുര്‍ഗി സ്വദേശിയായ 57 കാരന്‍. സംസ്ഥാനത്തെ മരണസംഖ്യ 20 ആണ്. രാജ്യത്തെ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത കല്‍ബുര്‍ഗിയില്‍ മരണം ഇതോടെ അഞ്ചായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേരും കല്‍ബുര്‍ഗി സ്വദേശികളാണ്.

ദക്ഷിണേന്ത്യയില്‍ കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്ന ആന്ധ്രപ്രദേശിൽ ഇന്ന് 82 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 1259 ആയി. സംസ്ഥാനത്തെ മരണസംഖ്യ 31 ആണ്. കര്‍നൂലില്‍ മാത്രം ഇന്ന് 40 പേര്‍ക്ക് രോഗം കണ്ടെത്തി. 332 ആണ് കര്‍നൂലിലെ രോഗബാധിതരുടെ എണ്ണം. 235 പേര്‍ ആശുപത്രി വിട്ടു. തമിഴ്നാട്ടിലെ അഞ്ച് കോര്‍പറേഷനുകളിലാണ് സന്പൂര്‍ണ ലോക്‍ഡൌണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ സേലം, തിരുപ്പൂര്‍ എന്നിവിടങ്ങളിലെ ലോക്‍ഡൌണാണ് ഇന്ന് അവസാനിക്കുക. ചെന്നൈ, കോയന്പത്തൂര്‍, മധുര എന്നിവിടങ്ങളിലെ‍, ലോക്ഡൌണിന്റെ കാലാവധി നാളെ രാത്രി ഒന്‍പതിന് അവസാനിക്കും. സംസ്ഥാനത്ത് ഇന്നലെ, 52 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 1937 ആയി. രോഗം ഭേദമായവരുടെ എണ്ണം 1101 ആയി. ചെന്നൈ നഗരത്തില്‍ 168 ഇടങ്ങളാണ് ഹോട്സ്പോട്ടുകളായി കണ്ടെത്തി സീല്‍ ചെയ്തത്. രണ്ട് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, നുങ്കന്പാക്കം പൊലീസ് സ്റ്റേഷന്‍ അടച്ചു. ചൈനയില്‍ നിന്ന് അതിവേഗ പരിശോധന കിറ്റുകള്‍ വാങ്ങാനുള്ള കരാര്‍, തമിഴ്നാടും റദ്ദാക്കി. ആരോഗ്യമന്ത്രാലയത്തിന്റെയും ഐ.സി.എം.ആറിന്റെയും നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.

തെലങ്കാനയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവാണ് കഴിഞ്ഞ നാല് ദിവസങ്ങളിലായി രേഖപ്പെടുത്തുന്നത്. ഇന്നലെ രണ്ട് പേര്‍ക്കു മാത്രമാണ് രോഗം കണ്ടെത്തിയത്. 1003 ആണ് രോഗബാധിതരുടെ എണ്ണം. സംസ്ഥാനത്തെ മരണസംഖ്യ 25 ആണ്. ഏഴുപേര്‍ക്ക് രോഗം ബാധിച്ച പുതുച്ചേരിയില്‍ നാലു പേര്‍ ആശുപത്രി വിട്ടു.