LiveTV

Live

National

രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 62 പേര്‍ മരിച്ചു

ഒരുദിവസം രേഖപ്പെടുന്ന വലിയ മരണനിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഉണ്ടായത്. 62 മരണവും 1593 പുതിയ കേസുകളും.

രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 62 പേര്‍ മരിച്ചു

കോവിഡ് ബാധിച്ച് രാജ്യത്ത് രാജ്യത്ത് 24 മണിക്കൂറിനിടെ 62 പേര്‍ മരിച്ചു. 934 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 29,435 ആയി. നേരിയ ലക്ഷണങ്ങൾ ഉള്ളവർക്ക് സ്വയം വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. കേന്ദ്ര മന്ത്രി രമേശ് പൊക്രിയാൽ ഇന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.

ഒരുദിവസം രേഖപ്പെടുന്ന വലിയ മരണനിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഉണ്ടായത്. 62 മരണവും 1593 പുതിയ കേസുകളും. എന്നാൽ ആശങ്കപ്പെടാനില്ലെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന് 10 ദിവസം എടുക്കുന്നു. രോഗമുക്തി നിരക്ക് 22.17 % എത്തിയതായും ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു. നേരിയ ലക്ഷണങ്ങൾ ഉള്ളവർക്ക് സ്വയം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ഇതിനായി എട്ട് നിബന്ധനകളും പുറത്തിറക്കി. നേരിയ ലക്ഷണങ്ങൾ ആണ് ഉള്ളതെന്ന് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തണം, സമ്പർക്കത്തിൽ വരുന്നവർ നിരീക്ഷണത്തിൽ പോകണം, പരിചരിക്കാൻ ആളു വേണം തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.

ഇതിനിടെ ഡൽഹിയിൽ മരണം 54 ആയി. രോഗബാധിതർ 3108 കവിഞ്ഞു. സുപ്രീം കോടതി ജീവനക്കാരനും സൗത്ത് വെസ്റ്റ് ഡൽഹി ജില്ല മജിസ്ട്രേറ്റിന്റെ പേഴ്സണൽ സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു. ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ നീതി അയോഗ് കെട്ടിടം സീൽചെയ്തു. നിയന്ത്രിത മേഖലകൾ 99 ആക്കി. പ്ലംബർ, ഇലക്ട്രീഷ്യൻ, വെറ്റേർനറി ഡോക്ടർമാർ എന്നിവർക്ക് അടച്ചുപൂട്ടലിൽ നിന്ന് ഇളവ് നൽകാൻ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടിയുടെ യോഗം തീരുമാനിച്ചു. അതേ സമയം, തകർച്ചയിലായ എം.എസ്.എം.ഇ മേഖലയെ ഉത്തേജിപ്പിക്കുന്നതിന് 40,000 കോടിയുടെ സഹായം കേന്ദ്രം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പാക്കേജ് സംബന്ധിച്ച ചർച്ചക്ക് ധനമന്ത്രി ഉടൻ പ്രധാനമന്ത്രിയെ കാണും.