LiveTV

Live

National

പ്ലാസ്മ ദാനത്തിന് തയ്യാറെന്ന് കോവിഡ് മാറിയ 350 തബ്‌ലീഗി ജമാഅത്ത് അംഗങ്ങള്‍

ഇവരില്‍ 25 പേര്‍ ഇതുവരെ പ്ലാസ്മ ദാനം ചെയ്തുകഴിഞ്ഞു. പ്ലാസ്മ ദാനം ചെയ്യാന്‍ സാധിക്കുന്ന കോവിഡ് രോഗം ഭേദമായവരുടെ പട്ടിക തയ്യാറാക്കുകയാണ് ലോക് നായക് ആശുപത്രി...

പ്ലാസ്മ ദാനത്തിന് തയ്യാറെന്ന് കോവിഡ് മാറിയ 350 തബ്‌ലീഗി ജമാഅത്ത് അംഗങ്ങള്‍

പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറാണെന്ന് കോവിഡ് 19 രോഗം ഭേദമായ 350 തബ്‌ലീഗി ജമാഅത്ത് അംഗങ്ങള്‍. ഡല്‍ഹിയിലെ നിസാമുദീന്‍ മര്‍കസില്‍ കഴിഞ്ഞ മാസം തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണിവര്‍. ഇവരില്‍ 25 പേര്‍ ഇതുവരെ പ്ലാസ്മ ദാനം ചെയ്തുകഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

സുല്‍ത്താന്‍പുരി, നരേല എന്നിവിടങ്ങളിലെ ക്വാറന്റെയ്ന്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്നവരാണ് കോവിഡിനെതിരായ പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ ദാനം ചെയ്യാനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്. നിസാമുദീന്‍ മര്‍ക്കസില്‍ നിന്നും ഒഴിപ്പിച്ച 2300 ഓളം പേരില്‍ 1080 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നാണ് ഔദ്യോഗിക വിവരം. ഇവരില്‍ വലിയൊരു വിഭാഗം രോഗം ഭേദമായി ആശുപത്രികളില്‍ നിന്നും പുറത്തെത്തിയിട്ടുണ്ട്.

മതപരമായ വേര്‍തിരിവുകള്‍ എത്രമേല്‍ നിസാരമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് കൊറോണയെന്ന് കേജ്രിവാള്‍
Also Read

മതപരമായ വേര്‍തിരിവുകള്‍ എത്രമേല്‍ നിസാരമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് കൊറോണയെന്ന് കേജ്രിവാള്‍

പ്ലാസ്മ തെറാപിയുടെ പ്രാഥമിക ഫലങ്ങള്‍ പ്രതീക്ഷയുളവാക്കുന്നതാണെന്നും കോവിഡ് ഭേദമാകുന്നവരെല്ലാം പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറാകണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞിരുന്നു. കോവിഡ് രോഗം ഭേദമായവരുടെ രക്തത്തില്‍ നിന്നും കോവിഡിനെ ചെറുക്കുന്നു ആന്റിബോഡികള്‍ അടങ്ങിയ പ്ലാസ്മ എടുത്ത് രോഗികളില്‍ കുത്തിവെക്കുന്നതാണ് പ്ലാസ്മ തെറാപ്പിയിലെ രീതി. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളിലാണ് ഈ ചികിത്സാ രീതി പ്രയോഗിക്കുന്നത്.

പ്ലാസ്മ ദാനം ചെയ്യാന്‍ സാധിക്കുന്നവര്‍ക്കുള്ള രക്തദാനത്തിന് സമാനമായ മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 18നും60നും ഇടക്ക് പ്രായമുള്ളവരായിരിക്കണം രക്തത്തിലെ ഘടകമായ പ്ലാസ്മ ദാനം ചെയ്യുന്നവര്‍. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയുള്ളവര്‍ ദാനം ചെയ്യരുത്. രോഗം ഭേദമായി മൂന്ന് ആഴ്ച്ച പൂര്‍ത്തിയാവുകയും രണ്ട് കോവിഡ് നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്തവര്‍ക്കേ പ്ലാസ്മ ദാനം ചെയ്യാനാവൂ.

ഏപ്രില്‍ 16നാണ് ഐ.സി.എം.ആര്‍ പ്ലാസ്മ തെറാപിക്ക് അനുമതി നല്‍കിയത്. ഡല്‍ഹിയിലെ ലോക്‌നായിക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ആറ് പേരിലാണ് ആദ്യം പ്ലാസ്മ തെറാപി പരീക്ഷിച്ചത്. പ്രാഥമിക ഫലങ്ങള്‍ അനുകൂലമാണെന്ന് കണ്ട് പ്ലാസ്മ ദാനം ചെയ്യാന്‍ സാധിക്കുന്ന കോവിഡ് രോഗം ഭേദമായവരുടെ പട്ടിക തയ്യാറാക്കുകയാണ് ലോക് നായക് ആശുപത്രി.