LiveTV

Live

National

മാധ്യമ മേഖലയിലെ ശമ്പളം വെട്ടിചുരുക്കല്‍; പൊതു താല്‍പര്യ ഹരജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ലോക്ഡൌണ്‍ നിലവിലുള്ള സാഹചര്യത്തില്‍ പല സ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നതായ് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് പറഞ്ഞു.

 മാധ്യമ മേഖലയിലെ ശമ്പളം വെട്ടിചുരുക്കല്‍;  പൊതു താല്‍പര്യ ഹരജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

രാജ്യത്ത് കോവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൌൺ മൂലം മാധ്യമ മേഖലയില്‍ പിരിച്ചുവിടലുകൾക്കും ശമ്പള വെട്ടിച്ചുരുക്കലുകള്‍ക്കും കാരണമാകുന്നുവെന്ന് കാണിച്ച് സമര്‍പ്പിച്ച പൊതു താല്‍പപര്യ ഹരജിയില്‍ കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനും ജസ്റ്റിസ് സഞ്ജയ് കൃഷ്ണ കൗള്‍, ജസ്റ്റിസ് ബി.ആര്‍ ഗവായി എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഹരജിയില്‍ കേന്ദ്രത്തിന് നോട്ടിസ് അയച്ചത്. കേന്ദ്ര സര്‍ക്കാരിനു പുറമെ ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവയ്ക്കും നോട്ടിസ് അയച്ചിട്ടുണ്ട്.

ലോക്ഡൌണ്‍ നിലവിലുള്ള സാഹചര്യത്തില്‍ പല സ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നതായ് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് പറഞ്ഞു. നാഷണൽ അലയൻസ് ഓഫ് ജേണലിസ്റ്റ്സ് (എൻ‌.എ.ജെ), ഡല്‍ഹി യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് (ഡി.‌യു.ജെ), ബിഹാൻ മുംബൈ യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് (ബി.‌എം‌.യു.ജെ) എന്നിവര്‍ സംയുക്തമായി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കട്ടെയെന്ന് കോടതി പറഞ്ഞു. പരാതിയുടെ പകര്‍പ്പ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ലോക്ക്ഡൌൺ സാഹചര്യം മാധ്യമ തൊഴിലുടമകളും സംഘടനകളും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും, ഈ പ്രതിസന്ധിഘട്ടത്തിൽ മാധ്യമ സ്ഥാപനങ്ങള്‍ ജീവനക്കാർക്കെതിരെ സ്വേച്ഛാദിപത്യ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കേന്ദ്ര സർക്കാരിനോടും ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനോടും ഡല്‍ഹി യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു.