LiveTV

Live

National

മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി മധ്യപ്രദേശില്‍ ആരോഗ്യമന്ത്രിക്ക് വരവേല്‍പ്പ്; സ്വീകരണത്തിനൊപ്പം മധുര വിതരണവും 

മധ്യപ്രദേശിലെ ആരോഗ്യ മന്ത്രിയായ നരോത്തം മിശ്രയുടെ സ്വീകരണത്തിനാണ് മാര്‍ഗനിര്‍ദേശങ്ങളെല്ലാം ലംഘിച്ച് കൊണ്ടുള്ള വരവേല്‍പ്പ് ഒരുക്കിയത്. 

മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി മധ്യപ്രദേശില്‍ ആരോഗ്യമന്ത്രിക്ക് വരവേല്‍പ്പ്; സ്വീകരണത്തിനൊപ്പം മധുര വിതരണവും 

രാജ്യത്താകമാനം ലോക്ഡൌണ്‍ നിയന്ത്രണങ്ങള്‍ നിലവിലിരിക്കെ നിര്‍ദേശങ്ങളെയാകെ കാറ്റില്‍ പറത്തി മധ്യപ്രദേശ് ആരോഗ്യമന്ത്രിക്ക് ജന്മനാട്ടില്‍ സ്വീകരണം. മധ്യപ്രദേശിലെ ആരോഗ്യ മന്ത്രിയായ നരോത്തം മിശ്രയുടെ സ്വീകരണത്തിനാണ് മാര്‍ഗനിര്‍ദേശങ്ങളെല്ലാം ലംഘിച്ച് കൊണ്ടുള്ള വരവേല്‍പ്പ് ഒരുക്കിയത്. ആരോഗ്യമന്ത്രിയായി ചുമതയേറ്റതിന് ശേഷമുള്ള നരോത്തം മിശ്രയുടെ ദാത്തിയയിലെ ആദ്യ സന്ദര്‍ശനമാണിത്.

മന്ത്രിയായതിന് ശേഷം ആദ്യമായ് നാട്ടിലെത്തിയ നരോത്തം മിശ്രക്ക് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഒരുക്കിയ സ്വീകരണം ഇതിനോടകം തന്നെ നവമാധ്യമങ്ങളില്‍ സംസാര വിഷയമായിക്കഴിഞ്ഞിരിക്കുകയാണ്. സ്വീകരണത്തിന് ശേഷം മാസ്‌ക് ധരിക്കാതെയാണ് അദ്ദേഹം തന്റെ ഓഫീസിലും എത്തിയത്. സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കികൊണ്ട് നേരത്തെ ആരോഗ്യവകുപ്പ് തന്നെ ഉത്തരവിറക്കിയിരുന്നു. അല്ലാത്തപക്ഷം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളെല്ലാം ആരോഗ്യ മന്ത്രി തന്നെ ലംഘിച്ച ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി അധികാരത്തിലെത്തുന്നത്. അധികാരത്തിലെത്തിയതിന് ശേഷവും ഏറെ വൈകിയാണ് ആരോഗ്യമന്ത്രിയെ പോലും മധ്യപ്രദേശില്‍ നിയമിക്കുന്നത്. കമല്‍നാഥ് മന്ത്രിസഭയെ അട്ടിമറിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച നേതാവ് കൂടിയായ നരോത്തം മിശ്രയെ മധ്യപ്രദേശില്‍ ആരോഗ്യമന്ത്രിയായി നിയമിക്കുകയായിരുന്നു.