LiveTV

Live

National

ആരോഗ്യപ്രവർത്തകർക്ക് വ്യാപകമായി കോവിഡ് സ്ഥിരീകരിക്കുന്നു

രോഹിണി ബാബ സാഹേബ് ആംബേദ്കർ ആശുപത്രിയിൽ 29 ഉം മാക്സ് ആശുപത്രിയിലെ 33 ഉം ആരോഗ്യ പ്രവർത്തകർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

ആരോഗ്യപ്രവർത്തകർക്ക് വ്യാപകമായി കോവിഡ് സ്ഥിരീകരിക്കുന്നു

ഡൽഹിയിൽ ആരോഗ്യപ്രവർത്തകർക്ക് വ്യാപകമായി കോവിഡ് സ്ഥിരീകരിക്കുന്നു. രണ്ട് ആശുപത്രികളിലെ 62 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ മലയാളികൾ ആണ്. രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളില്‍ ആരോഗ്യ ഓഡിറ്റ് നടത്തുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.

രോഹിണി ബാബ സാഹേബ് ആംബേദ്കർ ആശുപത്രിയിൽ 29 ഉം മാക്സ് ആശുപത്രിയിലെ 33 ഉം ആരോഗ്യ പ്രവർത്തകർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ മൂന്ന് പേർ മലയാളികൾ ആണ്. ഡോക്ടർമാരും നഴ്സുമാരുമാണ് രോഗം സ്ഥിരീകരിച്ചവരിൽ അധികവും. ഇന്നലെ ജഗ്ജീവൻ റാം ആശുപത്രിയിലെ 44 ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് വരെ 145 ആരോഗ്യ പ്രവർത്തകരെയാണ് ക്വാറന്റൈൻ ചെയ്തിരിക്കുന്നത്.

ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിക്കുന്നത് വലിയ ആശങ്കയോടെയാണ് ഡൽഹി സർക്കാർ നോക്കികാണുന്നത്. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നില്ലെന്ന പരാതി നേരത്തെ മുതൽ അവർ ഉന്നയിക്കുന്നതാണ്. ആവശ്യത്തിന് പി.പി.ഇ കിറ്റുകളോ മറ്റ് സുരക്ഷ ഉപകരണങ്ങളോ ഇല്ലാതെയാണ് പലരും തൊഴിലെടുക്കുന്നതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ ആരോഗ്യ ഓഡിറ്റ് നടത്തുമെന്ന് ഡൽഹി സർക്കാർ പറഞ്ഞു.