LiveTV

Live

National

ലൂഡോ ഗെയിമില്‍ തുടര്‍ച്ചായി പരാജയപ്പെടുത്തി; ഭര്‍ത്താവ് ഭാര്യയെ തല്ലിച്ചതച്ചു

ലോക്ക് ഡൗണ്‍ ആയതിനാല്‍ വീടിനകത്ത് തുടരുന്ന ഇരുവരും ഫോണില്‍ ലുഡോ ഗെയിം കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു

ലൂഡോ ഗെയിമില്‍ തുടര്‍ച്ചായി പരാജയപ്പെടുത്തി; ഭര്‍ത്താവ് ഭാര്യയെ തല്ലിച്ചതച്ചു

ഓണ്‍ലൈന്‍ ഗെയിമായ ലൂഡോയില്‍ തുടർച്ചയായി പരാജയപ്പെടുത്തിയ ഭാര്യയെ ഭര്‍ത്താവ് തല്ലിച്ചതച്ചതായി പരാതി. 24 കാരിയായ യുവതിക്ക് നട്ടെല്ലിന് ഗുരുതര പരുക്കേറ്റതിനാൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഡോദരയിലാണ് സംഭവം നടന്നത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ വീടിനകത്ത് തുടരുന്ന ഇരുവരും ഫോണില്‍ ലുഡോ ഗെയിം കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കളി തുടങ്ങി തുടർച്ചയായി മൂന്ന് നാല് റൗണ്ടുകൾ ഭാര്യ ഭര്‍ത്താവിനെ തോല്‍പ്പിച്ചു. തുടര്‍ച്ചയായി പരാജയപ്പെട്ട ദേഷ്യത്തില്‍ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി.

ലോക്ക് ഡൌണിനെത്തുടര്‍ന്ന് ഒരു സ്വകാര്യ ഇലക്ട്രോണിക് കമ്പനിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന് പുറത്തിറങ്ങാന്‍ സാധിക്കാതെ വരികയും കുടുംബത്തിന്‍റെ വരുമാന മാര്‍ഗം നിലക്കുകയും ചെയ്തു. അതിന് ശേഷം ഭാര്യ ഓണ്‍ലൈനായി ബ്യൂട്ടീഷ്യന്‍ ക്ലാസുകളെടുത്ത് കൊടുക്കുകയും കുടുംബത്തിന്‍റെ വരുമാനത്തില്‍ പങ്കാളിയാവുകയും ചെയ്തു.

ക്രൂരമായി മര്‍ദ്ദനമേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്ക് ശേഷം ഭർത്താവിനൊപ്പം താമസിക്കുന്നതിനുപകരം മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാൻ യുവതി തീരുമാനിച്ചു. എന്നാല്‍ ഭർത്താവ് ക്ഷമ ചോദിക്കുകയും ഒരുമിച്ച് ജീവിക്കാൻ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

മാതാപിതാക്കളോടൊപ്പം കുറച്ച് ദിവസം ചെലവഴിച്ച ശേഷം ഭര്‍ത്താവിന്‍റെ അടുത്തേക്ക് തന്നെ തിരിച്ചുവരുമെന്ന് യുവതിയും പറഞ്ഞു. ശാരീരിക പീഡനം കുറ്റകരമാണെന്നും പൊലീസിൽ പരാതിപ്പെട്ടാൽ അറസ്റ്റ് ചെയ്യാമെന്നും കൗൺസിലർ യുവാവിന് മുന്നറിയിപ്പ് നൽകി. ഇനി ആവര്‍ത്തിക്കില്ലെന്നും തനിക്ക് തെറ്റ് പറ്റിയതാണെന്നും യുവാവ് പറഞ്ഞതായി കൗൺസിലർ വ്യക്തമാക്കി.