LiveTV

Live

National

ചൈനയില്‍നിന്ന് ഉപയോഗശൂന്യമായ റാപ്പിഡ് പരിശോധനാ കിറ്റ് വാങ്ങിയത് ഇരട്ടി വിലക്ക്

പരിശോധനാ ഫലത്തിൽ കൃത്യതയില്ലാത്തതിനാൽ ചൈനീസ് കമ്പനിയായ വോണ്ട്‌ഫോ നിര്‍മ്മിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ഉപയോഗം കഴിഞ്ഞയാഴ്ചയാണ് ഐ.സി.എം.ആര്‍ നിര്‍ത്തിവച്ചത്

ചൈനയില്‍നിന്ന് ഉപയോഗശൂന്യമായ റാപ്പിഡ് പരിശോധനാ കിറ്റ് വാങ്ങിയത് ഇരട്ടി വിലക്ക്

ചൈനയില്‍ നിന്ന് നിലവാരമില്ലാത്ത കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഇന്ത്യ ഇറക്കുമതി ചെയ്തത് ഇരട്ടിയിലധികം വിലയ്‌ക്ക്. 245 രൂപയ്ക്ക് ഇറക്കുമതി ചെയ്ത കിറ്റ് സർക്കാർ വാങ്ങിയത് 600 രൂപയ്ക്ക്. ഇത്തരത്തിൽ 5 ലക്ഷം പരിശോധന കിറ്റുകൾ ഐ.സി.എം.ആർ വാങ്ങിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. വിതരണക്കാരും ഇറക്കുമതിക്കാരും തമ്മിലെ നിയമ തര്‍ക്കത്തിനിടെയാണ് വിവരം പുറത്ത് വന്നത്. വില കൂട്ടി വാങ്ങിയത് സംബന്ധിച്ച് ഐ.സി.എം.ആർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പരിശോധനാ ഫലത്തിൽ കൃത്യതയില്ലാത്തതിനാൽ ചൈനീസ് കമ്പനിയായ വോണ്ട്‌ഫോ നിര്‍മ്മിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ഉപയോഗം കഴിഞ്ഞയാഴ്ചയാണ് ഐ.സി.എം.ആര്‍ നിര്‍ത്തിവച്ചത്. നിലവാരമില്ലാത്ത ഈ ടെസ്റ്റ് കിറ്റുകൾ ഇരട്ടിയിലേറെ വിലയ്‌ക്ക് കേന്ദ്ര സർക്കാർ വാങ്ങിയെന്നാണ് ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ട്. കിറ്റ് ഒന്നിന് 245 രൂപ എന്ന തോതിലാണ് ഇറക്കുമതി കമ്പനിക്കാരായ മാട്രിക്‌സ് ലാബ്സ് വോൻഡ്ഫോ എന്ന ചൈനീസ് കമ്പനിയിൽ നിന്ന് വാങ്ങിയത്. എന്നാൽ വിതരണക്കാരായ റെയർ മെറ്റാബോളിക്‌സ്,ആര്‍ക്ക് ഫാര്‍മസ്യൂട്ടിക്കൽസ് എന്നി കമ്പനികൾ ഐ.സി.എം.ആറിന് 600 രൂപ തോതിൽ വിറ്റുവെന്ന് പർച്ചെയ്‌സ് ഓർഡർ ഉൾപ്പെടെ പുറത്തുവിട്ട് കൊണ്ട് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ 12.25 കോടി രൂപയുടെ പരിശോധന കിറ്റുകൾ ഇറക്കുമതി കമ്പനി 21 കോടി രൂപയ്ക്ക് വിതരണക്കാർക്ക് വിറ്റു. 9 കോടി രൂപ അധികം ഈടാക്കി വിതരണക്കാർ കിറ്റുകൾ 30 കോടി രൂപക്ക് സർക്കാരിന് നൽകി. 5 ലക്ഷത്തിൽ 2.76 ലക്ഷം കിറ്റുകൾ മാത്രമാണ് മാട്രിക്‌സ് ലാബ്സ് വിതരണക്കാർക്ക് കൈമാറിയിട്ടുള്ളത്. ബാക്കി കിറ്റുകൾ പണം ലഭിച്ചാൽ മാത്രമേ നൽകൂ എന്നാണ് കമ്പനി നിലപാട്. വിതരണക്കാരും ഇറക്കുമതി കമ്പനിയും തമ്മിലുള്ള തർക്കം ഹൈക്കോടതിയിൽ എത്തിയപ്പോഴാണ് വിവരം പുറത്തായത്. ഷാൻ ബയോട്ടിക്സ് എന്ന മറ്റൊരു വിതരണ ഏജൻസി വഴി മാട്രിക്‌സ് ലാബിന്റെ കിറ്റുകൾ തമിഴ്നാട് സർക്കാർ വാങ്ങിയതിനെ തുടർന്ന് ആദ്യ രണ്ട് വിതരണക്കാർ ഹർജി നൽകുകയായിരുന്നു. തങ്ങള്‍ക്ക് മാത്രമാണ് വിതരണാവകാശമെന്ന് കാണിച്ചായിരുന്നു ഹർജി. കൂടിയ വിലയ്ക്ക് കിറ്റുകള്‍ വാങ്ങിയത് സംബന്ധിച്ച് ഐ.സി.എം.ആറിനോട് മറുപടി തേടിയെങ്കിലും ഇത് വരെ പ്രതികരിച്ചിട്ടില്ല. കേസിനെ തുടർന്ന് പരിശോധന കിറ്റുകളുടെ വില 400 രൂപയാക്കി കുറച്ച് ഹൈക്കോടതി ഉത്തരവിട്ടു. ആദ്യം കരാർ ആയ 5 ലക്ഷം കിറ്റുകൾക്ക് ഇത് ബാധകമാകില്ല.മാട്രിക്‌സ് ലാബിന് ലഭിക്കേണ്ട ബാക്കി തുക നൽകാനും ഹൈക്കോടതി ഐ.സി.എം.ആറിനോട് ഉത്തരവിട്ടു