LiveTV

Live

National

കോവിഡ് ഭീതിയില്‍ ദക്ഷിണേന്ത്യ; കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ മരണസംഖ്യ 94 ആയി

രോഗബാധിതരും മരണവും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തമിഴ്നാട്ടിലെ അഞ്ച് കോര്‍പറേഷനുകളില്‍ സന്പൂര്‍ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചത്.

കോവിഡ് ഭീതിയില്‍ ദക്ഷിണേന്ത്യ; കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ മരണസംഖ്യ 94 ആയി

ദക്ഷിണേന്ത്യയില്‍ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ആകെ കോവിഡ് മരണസംഖ്യ 94 ആയി. തമിഴ് നാട്ടില്‍ മാത്രം 22 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. തമിഴ്നാട്ടിലെ അഞ്ച് കോര്‍പറേഷനുകളില്‍ പ്രഖ്യാപിച്ച സന്പൂര്‍ണ ലോക്ഡൌണ്‍ നാളെ മുതല്‍ നിലവില്‍ വരും. മെഡിക്കല്‍ ഷോപ്പുകളും ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും മാത്രമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുക.

രോഗബാധിതരും മരണവും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തമിഴ്നാട്ടിലെ അഞ്ച് കോര്‍പറേഷനുകളില്‍ സന്പൂര്‍ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചത്. 26 മുതല്‍ 29 വരെയാണ് ലോക്ഡൌണ്‍. ചെന്നൈ, മധുര, കോയന്പത്തൂർ എന്നിവിടങ്ങളിൽ 26 മുതല്‍ 29 വരെയും സേലം, തിരുപ്പൂർ എന്നിവിടങ്ങളിൽ 28 വരെയുമാണ് ലോക്ഡൌണ്‍. മെഡിക്കല്‍ ഷോപ്പുകള്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണം, കുടിവെള്ളം, പാൽ എന്നിവ മാത്രമാണ് പ്രവര്‍ത്തിക്കുക. ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് കടകളിലെല്ലാം ജനങ്ങളുടെ വൻ തിരക്ക് അനുഭവപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയെന്ന സമയ പരിധി കഴിഞ്ഞും പലയിടങ്ങളിലും ആളുകളുടെ നീണ്ട നിരയുണ്ടായി. തമിഴ്നാട്ടില്‍ ഇന്നലെ 72 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൂടി മരിച്ചതോടെ, മരണസംഖ്യ 22 ആയി. രോഗബാധിതരുടെ എണ്ണം 1755 ആയി. ചെന്നൈയില്‍ മാത്രം 52 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 114 പേര്‍ ഇന്ന് ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതുവരെ 866 പേര്‍ക്ക് രോഗം ഭേദമായി.

രണ്ടു പേര്‍ കൂടി മരിച്ചതോടെ, ആന്ധ്രപ്രദേശിലെ മരണ സംഖ്യ, 29 ആയി. ഇന്നലെ 62 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 955 ആയി. കര്‍നൂലില്‍ മാത്രം 234 രോഗബാധിതരുണ്ട്. 141 പേര്‍ ആശുപത്രി വിട്ടു. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്നത് ആന്ധ്രപ്രദേശിലാണ്. കര്‍ണാടകയില്‍ ഇന്ന് 15 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതർ 489 ആയി. മരണസംഖ്യ 18 ആണ്. തെലങ്കാനയില്‍ ഇന്നലെ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 983 ആണ് രോഗബാധിതരുടെ എണ്ണം. സംസ്ഥാനത്തെ മരണസംഖ്യ 25 ആണ്. ഏഴുപേര്‍ക്ക് രോഗം ബാധിച്ച പുതുച്ചേരിയില്‍ നാലു പേര്‍ ആശുപത്രി വിട്ടു.