LiveTV

Live

National

ലോക്ക്ഡൗണില്‍ ഇളവുമായി കേന്ദ്രസര്‍ക്കാര്‍; ചെറുകിട, ഇടത്തരം ഷോപ്പുകള്‍ തുറക്കാം

നഗരങ്ങളിലും ഗ്രാമങ്ങളിലും റീറ്റെയ്ൽ ഷോപ്പുകൾ തുറക്കാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഹോട്ട് സ്പോട്ടുകളില്‍ ഇളവ് ബാധകമല്ല.

ലോക്ക്ഡൗണില്‍ ഇളവുമായി കേന്ദ്രസര്‍ക്കാര്‍; ചെറുകിട, ഇടത്തരം ഷോപ്പുകള്‍ തുറക്കാം

ലോക്ക്ഡൗണില്‍ റീറ്റെയ്ൽ ഷോപ്പുകൾ തുറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. ചെറുകിട, ഇടത്തരം ഷോപ്പുകൾക്കാണ് അനുമതി.

നഗരങ്ങളിലും ഗ്രാമങ്ങളിലും റീറ്റെയ്ൽ ഷോപ്പുകൾ തുറക്കാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഹോട്ട് സ്പോട്ടുകളില്‍ ഇളവ് ബാധകമല്ല. സിംഗിൾ ബ്രാന്‍റ്, മൾട്ടി ബ്രാന്‍റ് മാളുകളും തുറക്കാൻ പാടില്ല. ഫ്ലാറ്റ് സമുച്ചയങ്ങളിലെ കടകളും തുറക്കരുത്.

തുറന്ന് പ്രവർത്തിക്കുന്ന എല്ലാം കടകളിലും 50 ശതമാനം ജീവനക്കാരെ പാടുള്ളൂവെന്ന കർശന നിബന്ധനയുണ്ട്. ഇവർ നിർബന്ധമായും മാസ്ക്ക് ധരിച്ചിരിക്കണമെന്നും സമൂഹിക അകലം പാലിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പുതിയ ഉത്തരവ് വിശദീകരിക്കാൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗമ്പ സംസ്ഥാന ചീഫ് സെക്രട്ടിമാരുടെയും ഡി.ജി.പിമാരുടെയും യോഗം വിളിച്ചു.

കടകള്‍ തുറക്കാനുള്ള കേന്ദ്ര തീരുമാനം സ്വാഗതം ചെയ്യുകയാണെന്നും ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി ഇ.പി ജയരാജന്‍ മീഡിയവണിനോട് പറഞ്ഞു. കടകൾ തുറക്കുമ്പോൾ ജാഗ്രതയ്ക്ക് കുറവ് വരുത്തരുതെന്നും മന്ത്രി പറഞ്ഞു.

പുതിയ ഇളവ് ഓൺലൈൻ വ്യാപാരത്തിന് ബാധകമല്ല. ഓൺലൈൻ വ്യാപാരം അവശ്യ വസ്തുക്കളിൽ മാത്രമെ ഉണ്ടാകൂ. മദ്യവിൽപന പാടില്ലെന്നതിലും മാറ്റമില്ല.

രാജ്യത്ത് കോവിഡ് രോഗ വ്യാപനം കുറഞ്ഞെന്ന വിലയിരുത്തലിലാണ് കടകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. തിങ്കളാഴ്ച്ച പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി കൂടുതൽ ഇളവുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കും.