LiveTV

Live

National

രാജ്യത്ത് ലോക്ക്ഡൗണിന് ശേഷം മരണ നിരക്ക് കുറഞ്ഞു

ലോക്ക്ഡൗൺ മാറുമ്പോൾ മരണ നിരക്കിലും വർദ്ധനവുണ്ടാവുമെന്ന് ആരോഗ്യ വിദഗ്ധർ.

രാജ്യത്ത് ലോക്ക്ഡൗണിന് ശേഷം മരണ നിരക്ക് കുറഞ്ഞു

കോവിഡ് 19നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ രാജ്യത്തെ മരണ നിരക്കും കുറഞ്ഞു. റെയിൽ, റോഡ് അപകടങ്ങളെ തുടർന്ന് ഉണ്ടാവുന്ന മരണത്തിലും കുറവ് വന്നിട്ടുണ്ട്. ലോക്ക്ഡൗൺ മാറുമ്പോൾ മരണ നിരക്കിലും വർദ്ധനവുണ്ടാവുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ലോക്ക്ഡൗണിനെ തുടർന്ന് വലിയ തോതിലാണ് രാജ്യത്ത് മരണ നിരക്ക് കുറയുന്നത്. ലോകരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് മരണ നിരക്കും കുറഞ്ഞിട്ടുണ്ട്. മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണ് കോവിഡ് മരണനിരക്കെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കുന്നു. രോഗം സ്ഥിരീകരിക്കുന്നവരിൽ പ്രതിരോധ ശേഷി കൂടുതലാവുന്നതാണ് രാജ്യത്ത് മരണ നിരക്ക് കുറയുന്നതിന്‍റെ കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിൽ 5,20,000 പേർക്ക് കോവിഡ് പരിശോധന നടത്തിയതിൽ 4 ശതമാനം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേട്ടമാണ്. അമേരിക്കയിൽ പരിശോധന നടത്തിയതിൽ 18 ശതമാനം പേർക്ക് രോഗം കണ്ടെത്തി.

ഇന്ത്യയിൽ റോഡ്, റെയിൽവെ അപകടങ്ങളും കുറഞ്ഞു. 2018ൽ മാത്രം രാജ്യത്ത് 1,51,000 പേരാണ് വിവിധ റോഡ് അപകടങ്ങളിൽ മരിച്ചത്. ഈ വർഷം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന മെയ് 3 വരെ ആകുമ്പോൾ അപകട നിരക്കിൽ 18 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തുമെന്നാണ് ഗതാഗത മന്ത്രാലയത്തിന്‍റെ കണക്ക് കൂട്ടൽ.

മറ്റ് രോഗങ്ങൾ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും മാർച്ച് 25 മുതൽ കുറവുണ്ടായി. രാജ്യത്ത് കൊലപാതക കേസുകളുടെ എണ്ണത്തിലും ഈ ലോക്ക്ഡൗൺ കാലത്ത് കുറവ് രേഖപ്പെടുത്തി. മരണ നിരക്ക് കുറഞ്ഞതായി രാജ്യത്തെ വിവിധ ശ്മശാനങ്ങളിലെ ജോലിക്കാരും വ്യക്തമാക്കി. അതേസമയം ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ പലയിടങ്ങളിലും മരണ കണക്കുകൾ കൃത്യമായി രേഖപ്പെടുത്താൻ സാധിക്കുന്നില്ലെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.