LiveTV

Live

National

ഗോവ കൊറോണമുക്തം; പിറന്നാള്‍ ദിനത്തില്‍ ഡോക്ടര്‍ കുപ്പായം വീണ്ടുമണിഞ്ഞ് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

ആയുര്‍വേദ ഡോക്ടറായിരുന്നു പ്രമോദ് സാവന്ത്



ഗോവ കൊറോണമുക്തം; പിറന്നാള്‍ ദിനത്തില്‍ ഡോക്ടര്‍ കുപ്പായം വീണ്ടുമണിഞ്ഞ് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

ഗോവ രാജ്യത്തെ ആദ്യ കൊറോണമുക്ത സംസ്ഥാനമായി മാറിയതിന് പിന്നാലെ തന്റെ പഴയ ഡോക്ടര്‍ കുപ്പായം എടുത്തണിഞ്ഞ് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്. മുഖ്യമന്ത്രിയായ ശേഷം ഊരിവെച്ച കുപ്പായമാണ് നാല്‍പത്തിയേഴാം ജന്മദിനമായ വെള്ളിയാഴ്ച സാവന്ത് വീണ്ടും അണിഞ്ഞത്. മാപുസയിലെ ജില്ലാ ആശുപത്രിയിലാണ് മുഖ്യമന്ത്രി മറ്റു ഡോക്ടര്‍മര്‍ക്കൊപ്പം രോഗികളെ ചികിത്സിച്ചത്. ആയുര്‍വേദ ഡോക്ടറായിരുന്നു പ്രമോദ് സാവന്ത്.

മുഖ്യമന്ത്രിയെ ഡോക്ടര്‍ കസേരയില്‍ കണ്ടപ്പോള്‍ ജനങ്ങള്‍ക്ക് ആദ്യം അത്ഭുതമാണ് ഉണ്ടായത്. തുടര്‍ന്ന് ഒപിയില്‍ എത്തിയ എല്ലാ രോഗികളെയും അദ്ദേഹം പരിശോധിച്ചു.

കൊറോണ വൈറസ് പടരുന്ന ഈ സമയത്ത് നമ്മളെ സുരക്ഷിതരായി സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന സമര്‍പ്പിത മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ സുരക്ഷ നമ്മള്‍ ഉറപ്പാക്കണം. ഞാനും അതിനോട് പ്രതിബദ്ധത പുലര്‍ത്തുന്നതാണ്. ഇന്ന് എന്റെ ജന്മദിനത്തില്‍ മാപുസയിലെ ജില്ലാ ആശുപത്രിയിലെ ഒപിഡിയില്‍ ഡോക്ടര്‍മാര്‍ക്കൊപ്പം ചേരാനാണ് തീരുമാനം- സാവന്ത് ട്വീറ്റ് ചെയ്തു.

ആശുപത്രിയില്‍ ദിവസത്തിന്റെ പകുതിയോളം ചെലവിട്ട സാവന്ത് റൌണ്ട്സിന് പോവുകയും പത്ത് രോഗികളെ പരിശോധിക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2008ല്‍ ഈ ആശുപത്രിയിലെ ഡോക്ടറായി ജോലി ചെയ്തതിന് ശേഷം ഇപ്പോഴാണ് രോഗികളെ പരിശോധിക്കുന്നതെന്ന് ഗോവ മുഖ്യമന്ത്രി പറഞ്ഞു. ഒരു പതിറ്റാണ്ട് മുന്‍പാണ് രാഷ്ട്രീയത്തിൽ ചേരുന്നതിനായി സാവന്ത് സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നത്.