Top

മോദിയെ വിമര്‍ശിക്കുന്ന ശബ്ദരേഖ പുറത്ത്; ബി.ജെ.പി എം.എല്‍.എക്ക് കാരണം കാണിക്കല്‍ നോട്ടീസ്

വിളക്കുകള്‍ തെളിയിക്കണമെന്നും, പാത്രം കൊട്ടി ശബ്ദമുണ്ടാക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെയായിരുന്നു ബി.ജെ.പി എം.എല്‍.എയുടെ ശബ്ദരേഖ

MediaOne Logo

Web Desk

Web Desk

  • Updated:

    2020-04-24 09:31:55.0

Published:

24 April 2020 9:31 AM GMT

മോദിയെ വിമര്‍ശിക്കുന്ന ശബ്ദരേഖ പുറത്ത്; ബി.ജെ.പി എം.എല്‍.എക്ക് കാരണം കാണിക്കല്‍ നോട്ടീസ്
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതില്‍ ബി.ജെ.പി എം.എല്‍.എക്ക് പാര്‍ട്ടി നേതൃത്വത്തിന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഒഴാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ആയ രാകേഷ് റാത്തോഡിന്‍റെ ശബ്ദരേഖയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ വൈറലായത്.

കൊറോണയെ പ്രതിരോധിക്കാന്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിക്കാന്‍ വിളക്കുകള്‍ തെളിയിക്കണമെന്നും, പാത്രം കൊട്ടി ശബ്ദമുണ്ടാക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെയായിരുന്നു ബി.ജെ.പി എം.എല്‍.എയുടെ ശബ്ദരേഖ. ഇദ്ദേഹം പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ശബ്ദരേഖ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. വ്യാഴാച്ചയാണ് ശബ്ദ രേഖ പുറത്ത് വരുന്നതും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതും.

രാകേഷ് റാത്തോഡ് എം.എല്‍.എ പ്രാദേശിക ബി.ജെ.പി നേതാവുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. 'കൈകള്‍ കൂട്ടിയടിച്ചത് കൊണ്ട് നിങ്ങള്‍ക്ക് കൊറോണയെ ഇല്ലാതാക്കാന്‍ കഴിയുമോ? നിങ്ങള്‍ വിഡ്ഢിത്തരം കൊണ്ട് റെക്കോര്‍ഡ് തീര്‍ക്കാന്‍ ശ്രമിക്കുകയാണോ. വിളക്ക് തെളിയിച്ചാല്‍ കൊറോണ പോകുമോ? നിങ്ങളെ പോലുള്ള വിഡ്ഢികളായ ആളുകളേ ഇത്തരം കാര്യങ്ങള്‍ ചെയ്യൂ.' ശബ്ദരേഖയില്‍ എം.എല്‍.എ പറഞ്ഞ വാക്കുകള്‍.

ശബ്ദരേഖ വ്യാപകമായ് പ്രചരിച്ചതിന് പിന്നാലെ എം.എല്‍.എക്കെതിരെ ബി.ജെ.പി അച്ചടക്ക നടപടിക്കൊരുങ്ങിയിരിക്കുകയാണ്. പാര്‍ട്ടി വിരുദ്ധ നടപടികളില്‍ പങ്കാളിയായെന്നാരോപിച്ചാണ് എം.എല്‍.എക്കെതിരെ ബി.ജെ.പി കാരണം കാണിക്കല്‍ നോട്ടീസയച്ചത്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് എം.എല്‍.എക്ക് ഒരാഴ്ച്ചത്തെ സമയമാണ് അനുവദിച്ചത്. ബിജെപി ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ പ്രതികരിക്കാന്‍ എം.എല്‍.എ ഇതുവരേയും തയ്യാറായിട്ടില്ല.

TAGS :

Next Story