LiveTV

Live

National

നിരീക്ഷണത്തില്‍ കഴിയുന്ന സ്കൂള്‍ കെട്ടിടം പെയിന്റടിച്ച് അതിഥി തൊഴിലാളികള്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

രാജസ്ഥാനിലെ സികാര്‍ ജില്ലയിലെ രണ്ട് സ്കൂളുകളിലായി ക്വാറന്റൈനില്‍ കഴിയുന്ന തൊഴിലാളികളാണ് ലോക്ഡൌണ്‍ കാലത്ത് മാതൃകയായിരിക്കുന്നത്

നിരീക്ഷണത്തില്‍ കഴിയുന്ന സ്കൂള്‍ കെട്ടിടം പെയിന്റടിച്ച് അതിഥി തൊഴിലാളികള്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

നിരീക്ഷണത്തില്‍ കഴിയുന്ന സ്കൂള്‍ കെട്ടിടം പെയിന്റടിച്ചും അറ്റകുറപ്പണികള്‍ തീര്‍ത്തും ഗ്രാമവാസികളോട് നന്ദി പറയുകയാണ് ഈ അതിഥി തൊഴിലാളികള്‍. രാജസ്ഥാനിലെ സികാര്‍ ജില്ലയിലെ രണ്ട് സ്കൂളുകളിലായി ക്വാറന്റൈനില്‍ കഴിയുന്ന തൊഴിലാളികളാണ് ലോക്ഡൌണ്‍ കാലത്ത് മാതൃകയായിരിക്കുന്നത്.

54 ​കുടിയേറ്റ തൊഴിലാളികളെയാണ്​ പല്‍സാനയിലുള്ള ഷഹീദ് സിതാറാം കുമാവത്ത്, സേത് കെഎല്‍ തമ്പി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ ക്വാറന്റൈനില് താമസിപ്പിച്ചിരിക്കുന്നത്. ഭൂരിഭാഗം തൊഴിലാളികളും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ക്വാറന്‍റീനിൽ കഴിയുന്ന ഇവരെ ​ബ്ലോക്ക്​തലത്തിൽ നിന്നുള്ള മെഡിക്കൽ സംഘം സ്ഥിരമായി പരിശോധിക്കുന്നുണ്ട്​.

വർഷങ്ങൾക്ക്​ മുമ്പ്​ പെയിന്‍റടിച്ച സ്​കൂൾ പെയിന്‍റടിച്ച്​ വൃത്തിയാക്കാമെന്ന്​ ഹരിയാനയിൽ നിന്നുള്ള ശങ്കർ സിങ്​ ചൗഹാ​ന്‍റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത്​ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന്​ പഞ്ചായത്തംഗങ്ങളും ഗ്രാമീണരും ഇവര്‍ക്ക് പെയിന്‍റടിക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുത്തു. സ്വമേധയാ ഏറ്റെടുത്ത ജോലി സന്തോഷത്തോടെ ചെയ്​തുതീർക്കാനുള്ള തിരക്കിലാണിവർ.

പെയിന്‍റടിക്കൽ മാത്രമല്ല, സ്​കൂളിന്‍റെ കേടായ തറയും മറ്റും ശരിയാക്കാനും ഒരു സംഘമുണ്ട്​. താരാ ചന്ദ്​, ഓം പ്രകാശ്​ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്​ അറ്റകുറ്റപണികൾ നടത്തുന്നത്​. മറ്റൊരു സംഘം സ്​കൂൾ പരിസരം വൃത്തിയാക്കുകയും ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു.

സ്വന്തം വീട്ടിലെത്താൻ കഴിയാതിരുന്ന തങ്ങൾക്ക്​ നല്ല ഭക്ഷണവും സൗകര്യങ്ങളും ഒരുക്കി നൽകിയ ഗ്രാമീണർക്കുള്ള പ്രതിഫലമാണ് ഇതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ക്വാറന്‍റീൻ സമയം എങ്ങനെ ഫലപ്രദവും മറ്റുള്ളവർ സഹായകമാകുന്ന തരത്തിലും ചെലവഴിക്കാമെന്നാണ്​ ഇവർ കാണിച്ചു തരുന്നത്​. ​തൊഴിലാളികൾ സ്​കൂളിന്​ പെയിന്‍റടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി പേരാണ്​ ഈ കുടിയേറ്റ തൊഴിലാളികളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.