കുട്ടികള്‍ വിശന്ന് കരയുകയാണ്, ഭക്ഷണം വാങ്ങാനാണ് പുറത്തിറങ്ങിയത്, എന്നിട്ടും നിങ്ങളെന്തിനാണ് ഇങ്ങനെ തല്ലുന്നത്?'; ലോക്ക്ഡൗണില്‍ ക്രൂരമായി മര്‍ദ്ദിച്ച പൊലീസിനോട് കുടിയേറ്റ തൊഴിലാളി
പൊലീസ് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്
ഭക്ഷണം വാങ്ങാനിറങ്ങിയ കുടിയേറ്റ തൊഴിലാളിക്ക് ലോക്ക്ഡൗണ്‍ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ഹൈദരാബാദ് നഗരത്തില്‍ ഓട്ടോ റിക്ഷ ഓടിക്കുന്ന കുടിയേറ്റ തൊഴിലാളിയാണ് കുട്ടികള്‍ക്ക് പാലും പാചകവാതക സിലിണ്ടറും വാങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍ തെലങ്കാന പോലിസിന്റെ മര്‍ദ്ദനത്തിന് ഇരയായത്. ഇയാളുടെ വാഹനവും പൊലിസ് പിടിച്ചെടുത്തു. മിര്ച്ചൌക്ക് പൊലീസ് സ്റ്റേഷന് പരിസരത്താണ് സംഭവം. പൊലീസ് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
വീട്ടില്‍ കുട്ടികള്‍ വിശന്ന് കരയുകയാണെന്നും ഭക്ഷണ സാധനങ്ങളും ഗ്യാസും തീര്‍ന്നതോടെയാണ് പുറത്തിറങ്ങിയതെന്നും ഇദ്ദേഹം പൊലീസിനോട് പറയുന്നുണ്ട്. ‘മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ട്. ആരും ഞങ്ങള്‍ക്ക് പണം തരുന്നില്ല. ഗ്യാസ് നിറക്കാനാണ് ഞാന്‍ പുറത്തിറങ്ങിയതെന്ന് നിങ്ങളോട് പറഞ്ഞു. എന്നിട്ടും നിങ്ങളെന്നെ തല്ലുന്നു. എന്താണ് ഞാന്‍ ചെയ്ത തെറ്റ്?’ എന്നൊക്കെ ഡ്രൈവര്‍ പൊലിസിനോട് ചോദിക്കുന്നുണ്ട്. ഓട്ടോറിക്ഷ കൂടി പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവര്‍ വണ്ടി കല്ലുപയോഗിച്ച് ഇടിച്ചുപൊളിക്കുന്നതും വീഡിയോയില്‍ കാണാം.
സംഭവം വൈറലായതോടെ ഹൈദരാബാദ് പൊലീസിനെതിരെ വ്യാപക വിമര്‍ശമാണ് ഉയരുന്നത്. '' തൊഴിലാളികള്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തുന്നില്ലെന്നത് ഈ സംഭവത്തിലൂടെ വ്യക്തമാണ്. പൊതുജനങ്ങള്‍ക്ക് അവശ്യ സാധനങ്ങളെത്തിക്കണമെന്നും അടിസ്ഥാന കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആക്ടിവിസ്റ്റും പൊതുപ്രവര്‍ത്തകനുമായ എം.ആദിത്യ റെഡ്ഡി ആവശ്യപ്പെട്ടു. മേയ് 3ന് ശേഷം ലോക്ഡൌണ് നീട്ടുന്നത് അസാധ്യമാണെന്ന് തോന്നുന്നതായി രാഷ്ട്രീയ നിരീക്ഷകന് സുമന്ത് രാമന് ട്വീറ്റ് ചെയ്തു.