LiveTV

Live

National

ലോക്ഡൌണില്‍ ഗാര്‍‌ഹിക അതിക്രമങ്ങള്‍ കുറഞ്ഞുവെന്ന് ഡല്‍ഹി സര്‍ക്കാര്‍; അങ്ങിനെ തീരുമാനിക്കാന്‍ വരട്ടെയെന്ന് വനിതാ കമ്മീഷന്‍

എന്നാല്‍ ഈ വാദത്തിനെ ഡല്‍ഹി വനിതാ കമ്മീഷന്‍ എതിര്‍ക്കുന്നുണ്ട്

ലോക്ഡൌണില്‍ ഗാര്‍‌ഹിക അതിക്രമങ്ങള്‍  കുറഞ്ഞുവെന്ന് ഡല്‍ഹി സര്‍ക്കാര്‍; അങ്ങിനെ തീരുമാനിക്കാന്‍ വരട്ടെയെന്ന്  വനിതാ കമ്മീഷന്‍

ലോക്ഡൌണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ വ്യക്തമാക്കുമ്പോഴും ഗാര്‍ഹിക പീഡനങ്ങള്‍ കുറഞ്ഞുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. എന്നാല്‍ ഈ വാദത്തിനെ ഡല്‍ഹി വനിതാ കമ്മീഷന്‍ എതിര്‍ക്കുന്നുണ്ട്.

ലോക് ഡൌണ്‍ നാളുകളില്‍ തലസ്ഥാനത്ത് ഗാര്‍ഹിക അതിക്രമങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നാണ് വനിതാശിശുക്ഷേമ മന്ത്രി രാജേന്ദ്രപാല്‍ ഗൌതം ബുധനാഴ്ച പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ രംഗത്ത് വന്നു. കമ്മീഷന്റെ ഹെല്‍പ് ലൈന്‍ നമ്പറായ 181ലേക്ക് ഫോണ്‍ കോളുകളെ നോക്കിയാല്‍ സ്ത്രീകള്‍ക്കെതിരായ അക്രമം കൂടിയിട്ടുണ്ടെന്നാണ് തെളിയിക്കുന്നതെന്ന് വനിതാ കമ്മീഷന്‍ ചീഫ് സ്വാതി മാലിവാള്‍ പറഞ്ഞു. പല കേസുകളിലും സ്ത്രീകള്‍ പരാതിപ്പെടാന്‍ മടിക്കുന്നതായും അല്ലെങ്കില്‍ സഹായത്തിന് ആരുമില്ലാത്തതും ഒരു പ്രശ്നമാണെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിൽ ഗാർഹിക പീഡന കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടായതായി ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മന്ത്രി തന്റെ വകുപ്പ് ഉദ്യോഗസ്ഥരുമായും ഡിസിഡബ്ല്യു മേധാവിയുമായും കൂടിക്കാഴ്ച നടത്തി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 24നാണ് ലോക്ഡൌണ്‍ പ്രഖ്യാപിച്ചത്. മേയ് 3ന് ലോക്ഡൌണ്‍ അവസാനിക്കും.

ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 7 മുതല്‍ 20 വരെ 337 ഫോണ്‍കോളുകളാണ് ഡല്‍ഹി വനിതാ കമ്മീഷന് ലഭിച്ചത്. ഇത് മാര്‍ച്ച് 12 മുതല്‍ 25 വരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളെ അപേക്ഷിച്ച് കൂടുതലാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. സാധാരണയായി 181 ഹെൽപ്പ് ലൈനിന് പ്രതിദിനം 1500-1800 കോളുകൾ ലഭിക്കാറുണ്ട്.ലോക്ക്ഡൌൺ സമയത്ത് മാർച്ച് 26 നും മാർച്ച് 31 നും ഇടയിൽ കമ്മീഷന് ലഭിച്ച കോളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായും സ്വാതി പറഞ്ഞു.