LiveTV

Live

National

'തനിക്ക് എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദി സോണിയ ഗാന്ധി'; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി അര്‍ണബ് ഗോസ്വാമി

പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം അര്‍ണബ് ഗോസ്വാമി നടത്തിയിരുന്നു

'തനിക്ക് എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദി സോണിയ ഗാന്ധി'; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി അര്‍ണബ് ഗോസ്വാമി

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായി റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. ബുധനാഴ്ച രാത്രി വീട്ടിലേക്ക് തിരികെ വരുമ്പോള്‍ തന്നെയും ഭാര്യയെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് അര്‍ണബ് വീഡിയോ സന്ദേശത്തില്‍ ആരോപിക്കുന്നത്. ബൈക്കിലെത്തിയ രണ്ട് പേര്‍ തന്റെ കാര്‍ മറികടന്ന് തടഞ്ഞു നിര്‍ത്തുകയും കാറിന്റെ വിന്‍ഡോ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും എന്തോ ദ്രാവകം കാറിനു മുകളിലേക്ക് ഒഴിക്കുകയും ചെയ്തുവെന്നും അര്‍ണബ് പറയുന്നു.

പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം അര്‍ണബ് ഗോസ്വാമി നടത്തിയിരുന്നു. മുസ്‍ലിം പണ്ഡിതന്മാരും ക്രിസ്ത്യന്‍ വൈദികരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും സോണിയാ ഗാന്ധി അപ്പോഴും നിശബ്ദയായിരിക്കുമോ എന്നുമായിരുന്നു അര്‍ണബ് ചാനല്‍ ചര്‍ച്ചക്കിടെ ചോദിച്ചത്.

സോണിയ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും എതിരെ നടത്തിയ വിവാദ പ്രസ്താവനയില്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ തനിക്കെതിരെ ആക്രമണം നടത്തിയെന്നാരോപിച്ച് അര്‍ണബ് ഗോസ്വാമി രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദി സോണിയ ഗാന്ധി ആയിരിക്കുമെന്നും അര്‍ണബ് വീഡിയോവില്‍ പറയുന്നുണ്ട്. അതേസമയം, ചാനല്‍ ചര്‍ച്ചക്കിടെ മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചെന്ന അര്‍ണാബ് ഗോസ്വാമിക്കെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.