LiveTV

Live

National

മധ്യപ്രദേശില്‍ ഏഴ് വയസ്കാരിയെ ബലാത്സംഗം ചെയ്ത ശേഷം കണ്ണുകള്‍ നശിപ്പിച്ചു

ബലാത്സംഗത്തിനിരയായ ബാലികയുടെ കണ്ണുകളും അക്രമി നശിപ്പിച്ചു. ഗ്രാമത്തിന് പുറത്തുള്ള കാർഷിക മേഖലയിലെ ഒഴിഞ്ഞ വീട്ടില്‍ കൈകൾ കെട്ടിയിട്ട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

മധ്യപ്രദേശില്‍ ഏഴ് വയസ്കാരിയെ ബലാത്സംഗം ചെയ്ത ശേഷം കണ്ണുകള്‍ നശിപ്പിച്ചു

മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ ഏഴ് വയസ്സുകാരിക്ക് നേരെ ക്രൂര ബലാത്സംഗം. ബലാത്സംഗത്തിനിരയായ ബാലികയുടെ കണ്ണുകളും അക്രമി നശിപ്പിച്ചു. ഗ്രാമത്തിന് പുറത്തുള്ള കാർഷിക മേഖലയിലെ ഒഴിഞ്ഞ വീട്ടില്‍ കൈകൾ കെട്ടിയിട്ട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കണ്ണുകളടക്കം നശിപ്പിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ജബല്‍പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകീട്ട് വീടിനടുത്ത് സാധനങ്ങള്‍ വാങ്ങാനായി പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. ബാലികയെ അജ്ഞാതനായ ഒരാള്‍ വലിച്ചിഴച്ചു കൊണ്ടുപോയെന്ന് സാക്ഷിമൊഴികളുണ്ട്. ഇതിനുശേഷം കാണാതായ പെണ്‍കുട്ടിക്കായി ഒരു രാത്രി മുഴുവന്‍ ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഇന്ന് രാവിലെയും തുടര്‍ന്ന തിരച്ചിലില്‍ കൈകൾ കെട്ടിയിട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ബലാല്‍സംഗത്തിനിരയായ കുട്ടിയുടെ കണ്ണുകള്‍ക്ക് ഗുരുതരമായ് പരിക്കേറ്റതായി മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് സിങ് ചൗഹാന്‍ പറഞ്ഞു. സംഭവത്തില്‍ സംശയമുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്ന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കോവിഡ് പ്രതിസന്ധി മൂലം ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കെയുണ്ടായ ക്രൂരമായ ബലാത്സംഗം നാടിനെ നടുക്കിയിരിക്കുകയാണ്. ലോക്ഡൌണിനിടെ മധ്യപ്രദേശില്‍ നിന്ന് പുറത്ത് വരുന്ന ഒടുവിലത്തെ ബലാത്സംഗ കേസാണിത്. മധ്യപ്രദേശില്‍ കഴിഞ്ഞദിവസം ആശുപത്രിയിലേക്ക് പോയ പതിനേഴുകാരിയെ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിരുന്നു.