LiveTV

Live

National

സന്യാസിമാരുടെ കൊല; അറസ്റ്റിലായ 101 പേരില്‍ ഒരാള്‍ പോലും മുസ്‌ലിം അല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി

സന്ന്യാസിമാരുടെ കൊലപാതകത്തിന്റെ പേരില്‍ വ്യാപകമായി വര്‍ഗ്ഗീയ പ്രചാരണം നടന്നതോടെയാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്...

സന്യാസിമാരുടെ കൊല; അറസ്റ്റിലായ 101 പേരില്‍ ഒരാള്‍ പോലും മുസ്‌ലിം അല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി

മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ വഴിയാത്രക്കാരായ രണ്ടു നാടോടി സന്യാസിമാരെയും ഡ്രൈവറെയും ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ 101 പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഒരു മുസ്ലിം പോലുമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് തന്നെ വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം വര്‍ഗ്ഗീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഏപ്രില്‍ പതിനാറിനായിരുന്നു കാറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് സന്യാസികളേയും ഡ്രൈവറേയും ആള്‍കൂട്ടം കൊലപ്പെടുത്തിയത്. ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവേയാണ് പാല്‍ഗറില്‍ വെച്ച് എണ്‍പതോളം പേരടങ്ങുന്ന ആള്‍ക്കൂട്ടം ആക്രമണം നടത്തിയത്. കല്‍പവര്‍ഷ് ഗിരി(70), സുശീല്‍ ഗിരി(35) എന്നീ സന്യാസികളും നിലേഷം തെല്‍ഗേഡെ എന്ന ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്.

വൈകാതെ ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. സന്യാസിമാര്‍ കൊല്ലപ്പെട്ടത് മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ വെച്ചാണെന്ന രീതിയില്‍ സംഘ്പരിവാര്‍, ബി.ജെ.പി സോഷ്യമീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ പ്രചരിച്ചത്. എന്നാല്‍ അതല്ല വസ്തുതയെന്നും കൊല്ലപ്പെട്ടതും കൊലപാതകികളും ഒരേ സമുദായത്തില്‍ പെട്ടവരാണെന്നുമാണ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി വിശദീകരിക്കുന്നത്.

ചിലര്‍ സംഭവത്തില്‍ ദിവാസ്വപ്നം കാണുകയാണ്. ഇത് അത്തരം രാഷ്ട്രീയക്കളികള്‍ക്കുള്ള സമയമല്ല. കൊറോണയെ പിടിച്ചുകെട്ടാനുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് ലൈവിലൂടെയാണ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി വിവരങ്ങള്‍ വിശദീകരിച്ചത്.

സംഭവം വര്‍ഗീയവല്‍ക്കരിക്കുന്നതിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പിടിയിലായ പ്രതികളില്‍ ബഹുഭൂരിഭാഗവും ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കൊലയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും കൊല നടന്ന ഗ്രാമം 10 വര്‍ഷത്തിലധികമായി ബി.ജെ.പിയുടെ കോട്ടയാണെന്നും കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സചിന്‍ സാവന്ത് പറഞ്ഞു.

പ്രതീകാത്മക പ്രതിഷേധം പാടില്ലെന്ന് ഡോക്ടര്‍മാരോട് അമിത്ഷാ
Also Read

പ്രതീകാത്മക പ്രതിഷേധം പാടില്ലെന്ന് ഡോക്ടര്‍മാരോട് അമിത്ഷാ

കൊലയുമായി ബന്ധപ്പെട്ട് പാല്‍ഗറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാര്‍ സസ്‌പെന്‍ഷനിലാണ്. കാസ സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് റാവു കാലെ, സബ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ കട്ടാരെ എന്നിവരെയാണ് ജോലിയിലെ ഗുരുതര വീഴ്ചക്ക് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം, സംഭവത്തില്‍ നാലാഴ്ചക്കകം വിശദ മറുപടി ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷന്‍ മഹാരാഷ്ട്ര പൊലീസ് മേധാവിക്ക് നോട്ടീസ് അയച്ചു