LiveTV

Live

National

മുന്‍ ആം ആദ്മി കൌണ്‍സിലര്‍ താഹിർ ഹുസൈനെതിരെ യു.എ.പി.എ; നടപടി ഡല്‍ഹി കലാപത്തിലെ പങ്ക് ആരോപിച്ച് 

ഫെബ്രുവരിയിൽ ഡല്‍ഹിയില്‍ നടന്ന കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി മുന്‍ കൗൺസിലർ താഹിർ ഹുസൈനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു

മുന്‍ ആം ആദ്മി കൌണ്‍സിലര്‍  താഹിർ ഹുസൈനെതിരെ യു.എ.പി.എ; നടപടി ഡല്‍ഹി കലാപത്തിലെ പങ്ക് ആരോപിച്ച് 

ഫെബ്രുവരിയിൽ ഡല്‍ഹിയില്‍ നടന്ന കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി മുന്‍ കൗൺസിലർ താഹിർ ഹുസൈനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു. കലാപത്തിനിടെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് താഹിര്‍ ഹുസൈ‌നെതിരെ നേരത്തെ കേസെടുത്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ താഹിര്‍ ഹുസൈന്റെ വീടിനടുത്ത് വെച്ചാണ് കൊലചെയ്യപ്പെട്ടത് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് താഹിര്‍ ഹുസൈനെ ആദ്യം അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഐപിസി 365 (തട്ടികൊണ്ട് പോകല്‍), 302 (കൊലപാതകം), 201 (തെറ്റായ വിവരങ്ങള്‍ ധരിപ്പിക്കല്‍) എന്നീ വകുപ്പുകളാണ് അറസ്റ്റ് ചെയ്യുമ്പോള്‍ താഹിര്‍ ഹുസൈനെതിരെ ചുമത്തിയിരുന്നത്. ഇപ്പോഴാണ് മറ്റ് വകുപ്പുകള്‍ക്കൊപ്പം നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം(യു.എ.പി.എ) കൂടെ കേസില്‍ ഉള്‍പ്പെടുത്തിയത്. അങ്കിത് ശര്‍മയുടെ പിതാവിന്റെ പരാതിയിലാണ് ഹുസൈ‌നെതിരേ പോലിസ് എഫ്.‌ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഐ.ബി ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തില്‍ ആരോപണ വിധേയനായതിന് പിന്നാലെ താഹിര്‍ ഹുസൈനെ ആംആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. കലാപത്തില്‍ ഉള്‍പ്പെട്ടവരാരും അവരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നടപടികളില്‍ നിന്നും ഒഴിവാക്കപ്പെടില്ലായെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താനവനക്ക് പിന്നാലെയാണ് താഹില്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആറ് പേര്‍ക്കെതിരെയാണ് പൊലീസ് യു.എ.പി.എ ചുമത്തിയത്. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യ സര്‍വകലാശാല സ്റ്റുഡന്റ് കോ-ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹി സഫൂറ സര്‍ഗാര്‍, കമ്മിറ്റിയംഗം മീരാന്‍ ഹൈദര്‍, ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് തുടങ്ങിയവര്‍ക്ക് പുറമേ മാധ്യമ പ്രവര്‍ത്തകരായ മസ്രത്ത് സഹ്‌റ, ഫ്രീലാന്‍സ് ജേണലിസ്റ്റും എഴുത്തുകാരനുമായ ജൌഹര്‍ ഗീലാനി, ദി ഹിന്ദു റിപ്പോര്‍ട്ടര്‍ പീര്‍സാദ ആഷിഖ് എന്നിവര്‍ക്കെതിരെയും യു.എ.പി.എ ചുമത്തിയിരുന്നു. മീരാന്‍ ഹൈദറിനെയും സഫൂറ സര്‍ഗാറിനെയും ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ദേശവിരുദ്ധ പോസ്റ്ററുകള്‍ പങ്കുവെച്ചെന്നാരോപിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത്.