LiveTV

Live

National

രാജ്യത്ത് കോവിഡ് മരണം 640 കടന്നു

ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത അതിവേഗ പരിശോധന കിറ്റുകൾക്ക് ഗുണമേന്മയില്ലെന്ന് കണ്ടെത്തിയത് തിരിച്ചടിയായിരിക്കുകയാണ്.

രാജ്യത്ത് കോവിഡ് മരണം 640 കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിലേക്ക്. മരണം 640 കടന്നു. രോഗം ഭേദമായവരുടെ നിരക്ക് 17.48 ശതമാനമായി കൂടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ അടച്ചുപൂട്ടലിൽ കൂടുതൽ ഇളവുകൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗവും സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയും രാജ്യത്തെ സാഹചര്യവും സാമ്പത്തിക പാക്കേജ് പ്രഖ്യാപനവും ചർച്ച ചെയ്യും.

കഴിഞ്ഞ 24 മണിക്കൂറിൽ 50 മരണവും 1385 പുതിയ കോവിഡ് കേസുകളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത അതിവേഗ പരിശോധന കിറ്റുകൾക്ക് ഗുണമേന്മയില്ലെന്ന് കണ്ടെത്തിയത് തിരിച്ചടിയായിരിക്കുകയാണ്. ഡൽഹിയിൽ രോഗബാധിതർ 2186 ഉം മരണം 47 ഉം കടന്നു. ആസാദ്പുർ മണ്ടിയിലെ കച്ചവടക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു. വ്യോമയാന മന്ത്രാലയത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. മാധ്യമപ്രവർത്തകർക്കായി പ്രത്യേക പരിശോധന കേന്ദ്രം തയ്യാറാക്കി. മാധ്യമപ്രവർത്തകർക്ക് വാർത്താ പ്രക്ഷേപണ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകി.

യു.പിയിൽ രോഗബാധിതർ 1300 കടന്നു. ആന്ധ്രപ്രദേശിൽ ബിഹാറിലും അതിവേഗമാണ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത്. രാജ്യത്താകമാനം രോഗവിമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്. അതിനാൽ പ്രായമായവരെയും കിടപ്പിലായവരെയും ശുശ്രൂഷിക്കുന്നവർ, പ്രീപെയ്ഡ് കണക്ഷൻ റീചാർജ്, ബ്രഡ് ഫാക്ടറി, പാൽ സംസ്കരണം, പൊടി മില്ലുകൾ, പാഠപുസ്തക കടകൾ, ഇലക്ട്രോണിക് കടകൾ, പാക്കിങ് ഹൗസ് എന്നിവയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. തുറമുഖങ്ങളിൽ നാവികരുടെ സൈൻ ഇൻ - സൈൻ ഓഫ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടികൾക്ക് ആഭ്യന്തര മന്ത്രാലയം മാർഗ നിർദേശമിറക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ ഐ.എം.എ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി സർക്കാർ ഒപ്പമുണ്ട് എന്ന് അറിയിച്ചു. പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജന വഴിയുള്ള സൗജന്യ സിലിണ്ടർ പരമാവധി വേഗത്തിൽ വിതരണം ചെയ്യാൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എല്‍.പി.ജി വിതരണക്കാരുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.