LiveTV

Live

National

ഇന്ത്യയില്‍ 69 % കോവിഡ് രോഗികള്‍ക്കും ലക്ഷണങ്ങളില്ല

ലക്ഷണങ്ങള്‍ കാണിക്കുന്ന ഒരു രോഗിയുടെ സമ്പര്‍ക്ക പട്ടികയെടുത്താല്‍ കുറഞ്ഞത് രണ്ട് പേരിലെങ്കിലും ലക്ഷണങ്ങള്‍ കാണിക്കാതെ കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്...

ഇന്ത്യയില്‍ 69 % കോവിഡ് രോഗികള്‍ക്കും ലക്ഷണങ്ങളില്ല

രാജ്യത്തെ 69% കോവിഡ് രോഗികളിലും രോഗലക്ഷണങ്ങള്‍ പ്രകടമല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍). ലക്ഷണങ്ങളുള്ള ഒരു കോവിഡ് രോഗി വരുമ്പോള്‍ രണ്ടുപേരിലെങ്കിലും ലക്ഷണങ്ങള്‍ കാണിക്കാതെ കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. രാജ്യത്ത് ഇതുവരെ നാല് ലക്ഷത്തോളം പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതില്‍ 18600ലേറെ പേരില്‍ രോഗം സ്ഥിരീകരിച്ചതായും ഐ.സി.എം.ആര്‍ അറിയിച്ചു.

ലോകത്തെ പലയിടത്തു നിന്നും വന്ന പഠനങ്ങളില്‍ 80 ശതമാനം കോവിഡ് രോഗികളിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. ഇത് സൂചിപ്പിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിനായിരുന്നു ഐ.സി.എം.ആറിന്റെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി രാമന്‍ ഗാന്‍ഗഡേക്കര്‍ ഇന്ത്യയിലെ അനുപാതം വ്യക്തമാക്കിയത്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; മരണം 603 ആയി
Also Read

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; മരണം 603 ആയി

'ഇന്ത്യയില്‍ ഇതുവരെ നടത്തിയ കോവിഡ് പരിശോധനകള്‍ പ്രകാരം 69 ശതമാനം രോഗികള്‍ക്ക് ലക്ഷണങ്ങളില്ല. 31ശതമാനത്തിനാണ് രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടുള്ളത്. അതായത് ലക്ഷണങ്ങള്‍ കാണിക്കുന്ന ഒരു രോഗിയുടെ സമ്പര്‍ക്ക പട്ടികയെടുത്താല്‍ കുറഞ്ഞത് രണ്ട് പേരിലെങ്കിലും ലക്ഷണങ്ങള്‍ കാണിക്കാതെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്' ഗാന്‍ഗഡേക്കര്‍ പ്രതിദിന വാര്‍ത്താസമ്മേളനത്തിനിടെ അറിയിച്ചു.

കോവിഡ് രോഗികളില്‍ മഹാരാഷ്ട്രയില്‍ 65ശതമാനത്തിനും ഉത്തര്‍പ്രദേശില്‍ 75 ശതമാനത്തിനും അസമില്‍ 82 ശതമാനത്തിനും രോഗലക്ഷണങ്ങളില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഞായറാഴ്ച്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു. ആഗോളതലത്തില്‍ നടന്ന ചില പഠനങ്ങളില്‍ 80 ശതമാനം രോഗികള്‍ക്കും ലക്ഷണങ്ങളില്ലെന്നാണ് പറയുന്നത്. കോവിഡ് പിടിപെടുന്ന 15 ശതമാനം പേര്‍ക്ക് ലക്ഷണങ്ങളോട് കൂടിയ ബുദ്ധിമുട്ടുകളുണ്ടാവുന്നു. അഞ്ച് ശതമാനം പേരിലാണ് അതീവഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുന്നത്. കോവിഡ് പരിശോധന കൂടുതല്‍വ്യാപിപ്പിച്ച് എത്രയും വേഗത്തില്‍ രോഗം കണ്ടെത്തി ചികിത്സ തുടങ്ങുകയാണ് രോഗത്തെ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗമായി കണക്കാക്കുന്നത്.