LiveTV

Live

National

പാവങ്ങളുടെ അരിയെടുത്ത് പണക്കാരന് കൈ കഴുകാന്‍ കൊടുക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

കോവിഡിന്റെ പ്രത്യേകസാഹചര്യത്തില്‍ അധികധാന്യം രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണമെന്ന ആവശ്യം തള്ളിക്കളഞ്ഞാണ് കേന്ദ്രം അധിക അരി ഉപയോഗിച്ച് എഥനോള്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചത്...

പാവങ്ങളുടെ അരിയെടുത്ത് പണക്കാരന് കൈ കഴുകാന്‍ കൊടുക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്തെ ഫുഡ് കോര്‍പറേഷനില്‍ അധികമുള്ള അരി എഥനോള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരസ്യ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട അരിയെടുത്താണ് സര്‍ക്കാര്‍ പണക്കാരുടെ കൈ കഴുകാനുള്ള സാനറ്റൈസര്‍ നിര്‍മ്മിക്കുന്നതെന്നാണ് രാഹുലിന്റെ വിമര്‍ശം.

'ഇനിയെപ്പോഴാണ് ഇന്ത്യയിലെ ദരിദ്രര്‍ ഉണരുക? ജനങ്ങള്‍ പട്ടിണി കിടന്ന് ചാവുമ്പോഴാണ് പണക്കാരുടെ കൈകള്‍ വൃത്തിയാക്കാനുള്ള സാനറ്റൈസറുകള്‍ നിര്‍മ്മിക്കാന്‍ പാവങ്ങളുടെ അരിയെടുക്കുന്നത്' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. കോവിഡിന്റെ പ്രത്യേകസാഹചര്യത്തില്‍ അധികധാന്യം രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണമെന്ന ആവശ്യം തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ അധികമായി സംഭരിച്ചിട്ടുള്ള അരി ഉപയോഗിച്ച് എഥനോള്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചത്.

കേന്ദ്രസര്‍ക്കാര്‍. ഹാന്‍ഡ് സാനറ്റൈസറുകള്‍ അടക്കം നിര്‍മ്മിക്കാന്‍ വേണ്ട പ്രധാന അസംസ്‌കൃത വസ്തുവാണ് എഥനോള്‍. കേന്ദ്ര പെട്രോളിയം, പാചകവാതക വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അധ്യക്ഷനായ നാഷണല്‍ ബയോ ഫ്യുവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനത്തിനു പിന്നാലെ അണുനാശിനിയായ സാനിറ്റൈസറിന്റെ ഉപയോഗം വര്‍ധിച്ചതോടെയാണ് ഇത്തരമൊരു നീക്കമെന്നാണ് വിശദീകരണം. രാജ്യത്ത് മിച്ചമുള്ള ഭക്ഷ്യധാന്യങ്ങള്‍ എഥനോള്‍ ആയി മാറ്റാന്‍ ചെയ്യാന്‍ 2018 ലെ ദേശീയ ബയോഫ്യുവല്‍ നയം അനുവദിക്കുന്നുവെന്നാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ വിശദീകരണം.

അരിയും ഗോതമ്പും ഉള്‍പ്പെടെ രാജ്യത്തെ എഫ്.സി.ഐ ഗോഡൗണുകളില്‍ 77.6 ദശലക്ഷം ടണ്‍(മെട്രിക് ടണ്‍) ധാന്യശേഖരമുണ്ടെന്നാണ് മാര്‍ച്ച് ഒന്നിനുള്ള കണക്ക്. രാജ്യത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ കരുതല്‍ ശേഖരം 21.04 മെട്രിക് ടണ്ണാണ്. ഇതിന്റെ മൂന്നിരട്ടി ശേഖരം നിലവില്‍ ഗോഡൗണുകളിലുണ്ട്. ഉത്തരേന്ത്യയില്‍ പലയിടത്തും വിളവെടുപ്പ് കാലമായതോടെ ധാന്യങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമുണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

കൂടുതലുള്ള അരി ഉപയോഗിച്ച് എഥനോള്‍ നിര്‍മ്മിക്കും
Also Read

കൂടുതലുള്ള അരി ഉപയോഗിച്ച് എഥനോള്‍ നിര്‍മ്മിക്കും

ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സബ്‌സിഡി നിരക്കില്‍ രാജ്യത്തെ 80 കോടിയിലധികം ആളുകള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യമാണ് വിതരണം ചെയ്യുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി അടുത്ത മൂന്ന് മാസത്തേക്ക് ഒരാള്‍ക്ക് 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

അതേസമയം ഈ നടപടികൊണ്ട് മാത്രം മൂന്ന് മാസത്തേക്ക് ജനങ്ങളുടെ പട്ടിണി മാറ്റാനാവില്ലെന്ന് നൊബേല്‍ സമ്മാന ജേതാക്കളായ അമര്‍ത്യസിംങും അഭിജിത് ബാനര്‍ജിയും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ചേര്‍ന്നെഴുതിയ ലേഖനത്തിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റേഷന്‍കാര്‍ഡ് പട്ടികയില്ലാത്ത ജനങ്ങള്‍ നിരവധിയാണെന്നും ജാര്‍ഖണ്ഡില്‍ മാത്രം റേഷന്‍കാര്‍ഡിന് അപേക്ഷിച്ച് കാത്തിരിക്കുന്നവര്‍ ഏഴ് ലക്ഷത്തിലേറെയാണെന്നും ഇവര്‍ പറഞ്ഞിരുന്നു.

ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സര്‍ക്കാരിനുണ്ട്. റേഷന്‍കാര്‍ഡില്ലാത്തവര്‍ക്ക് താത്കാലിക റേഷന്‍ കാര്‍ഡ് നല്‍കണമെന്നും അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കായി പൊതു കാന്റീനുകള്‍ തുടങ്ങണമെന്നും ദരിദ്രരുടെ പട്ടിക കണ്ടെത്തി 5000 രൂപ വീതം ജന്‍ധന്‍ അക്കൗണ്ടിലൂടെ നല്‍കണമെന്നും ഇവര്‍ നിര്‍ദേശിച്ചിരുന്നു. കരുതലോടെ തീരുമാനങ്ങളെടുത്ത് ബുദ്ധിപരമായി ചിലവഴിച്ചില്ലെങ്കില്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.